പൗരാണിക കാലത്ത് ഉദയം ചെയ്ത ഭാരതീയ മതങ്ങള്‍ സനാതന ധര്‍മത്തിന്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു. ആര്‍ഷസംസ്കൃതിയുടെ നവോത്ഥാന മന്ത്രണങ്ങള്‍ തന്നെയായിരുന്നു വിവിധ മതസ്ഥാപകരായ മുനിമാനസങ്ങളുടെ അന്തര്‍ഗതം. ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ പിറവികൊണ്ട ബുദ്ധജൈനമതങ്ങളുടെ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും സൂക്ഷ്മമായി വിചിന്തനത്തിന് വിധേയമാക്കുമ്പോള്‍ ഈ സത്യം തെളിയും. ഏതാണ്ടൊരായിരം വര്‍ഷം ഈ മതങ്ങളുടെ തത്ത്വചിന്താ പദ്ധതികളും മഹാശയങ്ങളും ഭാരതത്തില്‍ പ്രചാരം നേടിയെങ്കിലും അവ ക്രമേണ ക്ഷയിച്ചു വന്നതായാണ് ചരിത്രം. ഇതിന്റെ സമഗ്രവും സൂക്ഷ്മവുമായ കാര്യകാരണങ്ങള്‍ ഗവേഷണത്തില്‍ തെളിഞ്ഞുകണ്ടിട്ടുണ്ടെങ്കിലും അന്തര്‍വഹ്നിയായി ഉയരുന്ന സത്യം ഒന്നു മാത്രമാണ് വേദപ്രോക്തമായ ആര്‍ഷമൂല്യങ്ങള്‍ക്കും സൈദ്ധാന്തിക പക്ഷങ്ങള്‍ക്കും മറുപുറമായിരുന്നില്ല ഈ മതപ്രവാചകരുടെ ധര്‍മസംഹിത. ജ്ഞാനബോധികളായ ആ ‘ബുദ്ധന്മാരു’ടേത് ധര്‍മസ്ഥാപനത്തിന്റെ കാലനിയോഗമായിരുന്നു.
യജ്ഞവും ജാതിവിവേചനവും പൗരോഹിത്യവും ദുരാചാരാനുഷ്ഠാനങ്ങളുമായി സമാജം വഴിമാറിയ വേളയിലാണ് ബുദ്ധനും മഹാവീരനും അവതരിക്കുന്നത്. ഗീതാവചനമാര്‍ഗത്തിലെ ധര്‍മസംസ്ഥാപനം തന്നെയായിരുന്നു ലക്ഷ്യം. ‘നീ നിന്റെ വെളിച്ചമാവുക’യെന്ന ബുദ്ധസന്ദേശം ഗീതാദര്‍ശനം തന്നെ. മഹാവീരന്റെയും പ്രപഞ്ചദര്‍ശനവും മുക്തിമാര്‍ഗ സങ്കല്പങ്ങളും ജീവനമന്ദാരങ്ങളും ആര്‍ഷധര്‍മത്തിന്റെ ആത്യന്തികമായ മാറ്റൊലി തന്നെ. കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ജൈനഭക്തി സാഹിത്യത്തിന്റെ അലയൊളികളില്‍ ആമഗ്നമായിരുന്നു. പത്താംനൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജൈനനവോത്ഥാനത്തിന്റെ മൂന്ന് മുനികവികള്‍ ഉണര്‍ത്തിയെടുത്ത ധര്‍മാതിഷ്ഠിത സങ്കല്പനങ്ങളും മൂല്യജീവനബോധവും നിര്‍ണായകമാണ്. ‘മൂന്നു രത്നങ്ങള്‍’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. ആദികവി പംപ, ശ്രീപൊന്ന, റണ്ണാ എന്നിവരുടെ പ്രകൃഷ്ടരചനകള്‍ ജൈനദര്‍ശനത്തിന്റെ വിണ്‍വെളിച്ചമായിരുന്നു.
അന്നഗിരിയെന്ന കര്‍ണാടക ഗ്രാമത്തിലെ ഒരു ജൈനകുടുംബത്തിലാണ് പംപാ ജനിച്ചത്. കന്നടയും പ്രാകൃതഭാഷയും സംസ്കൃതവും സ്വായത്തമാക്കിയ അദ്ദേഹം അറിവിന്റെ അമേയമായ തീരങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സര്‍ഗപ്രതിഭയുടെ പ്രകാശപൂര്‍ണമായ പ്രതിഫലനം കവിതയിലൂടെയാണ് അദ്ദേഹം സാക്ഷാത്ക്കരിച്ചത്. ജൈനസിദ്ധാന്തങ്ങളാണ് ആ ജീവിതത്തെയും സ്വത്വത്തെയും രൂപപ്പെടുത്തിയത്. വേദം, ശാസ്ത്രം, ധന, വൈദ്യ നാട്യകാമശാസ്ത്രങ്ങള്‍ക്കപ്പുറം സംഗീതശാസ്ത്രത്തിലും പാണ്ഡിത്യം നേടിയ പംപാ, ജ്ഞാനബോധിയായി കര്‍ണാടകത്തില്‍ പന്തലിച്ചു നിന്നു. ശ്രാവണബലഗൊളയില്‍ ദേവേന്ദ്രമുനിയില്‍ നിന്നും ദീക്ഷസ്വീകരിച്ചതിനു ശേഷമാണ് പംപാ തീര്‍ഥാടനത്തിനിറങ്ങിയത്. ചാലൂക്യ രാജധാനിയിലെത്തിയ ഗുരുവിനെ സ്വീകരിച്ചത് രാജാവായ അരികേസരി രണ്ടാമനായിരുന്നു. ‘കവിതാ ഗുണാര്‍ണവ’ യെന്നബിരുദം നല്കി ഭരണാധികാരി ആദരാതിരേകത്തോടെയാണ് പംപായെ അംഗീകരിച്ചത്.
വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ധൈഷണികമാനമുള്ള ധാരാളം കൃതികള്‍ പംപാ രചിച്ചിട്ടുണ്ടെങ്കിലും 39 ാമത്തെ വയസ്സിലെഴുതിയ ‘ആദി പുരാണം’ എന്ന ഗ്രന്ഥം ജനസാമാന്യത്തിന്റെ ഹൃദയമുദ്രയായി. രാമായണം ഇതിവൃത്തമായ ഈ കൃതി കന്നടഭാഷയിലാണ്. ചമ്പുശൈലിയിലെഴുതിയ ‘വിക്രമാര്‍ജുന വിജയ’മാണ് പംപായുടെ രാജശില്പം. യോഗാത്മക പ്രതിഭയുടെ പൂര്‍ണതാ രൂപം സൃഷ്ടിക്കുന്ന ഈ ബൃഹത്രചന മഹാഭാരതത്തിന്റെ പുനഃസൃഷ്ടിയാണ്. കര്‍ണാടകയിലെ സാധാരണ മനുഷ്യന് അന്നുമിന്നും പഞ്ചമവേദമായ മഹാഭാരതം സ്വായത്തമാക്കുന്നത് ഈ ഉദാത്തസൃഷ്ടിയിലൂടെയാണ്. ആദികവി എന്ന സംബോധനയില്‍ പംപ ആദരിക്കാന്‍ തുടങ്ങിയത് ‘പംപാഭാരത’ മെന്ന് വിളിയേറ്റ ഈ മഹാകാവ്യശില്‍പത്തിലൂടെയാണ്.
കര്‍ണാടകയിലെ ഈ ആദികവി ജൈനസ്രോതസ്സിലൂടെ സാക്ഷാത്ക്കരിച്ചത് ഭാരതീയമായ ഇതിഹാസ പുരാണങ്ങളുടെ താത്ത്വികവും ലാവണ്യാത്മകവുമായ ശക്തിപ്രഭവത്തെയാണ്. ആര്‍ഷധര്‍മശാഖിയില്‍ വിരിഞ്ഞ ഈ ഋഷികവിയെ വ്യാസപൂര്‍ണിമയായി സംസ്ക്കാരഭാരതം ആത്മാവില്‍ സൂക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: