തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും കൈവശപ്പെടുത്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് തിരിച്ചടി. ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം രാജകുടുംബത്തിനാണെന്ന് സുപ്രീം കോടതി അസന്ദിഗ്ദമായി പറഞ്ഞതോടെ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിക്കാനുള്ള ഇടതു സ്വപ്നമാണ് പൊലിഞ്ഞത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ കണ്ണുവച്ച് കായികമായും ഭരണ സ്വാധീനമുപയോഗിച്ചും സിപിഎം ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കിഴക്കെക്കോട്ടയിലെ ചട്ടമ്പി സ്വാമി ക്ഷേത്രം, 2018 ല്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ഉപദേശക സമിതി തുടങ്ങിയവ പിടിച്ചെടുക്കാനുള്ള ശ്രമം, ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കല്‍, കോഴിക്കോട് കുറുമ്ബ ഭഗവതിക്കാവ് തകര്‍ക്കല്‍, ശബരിമല ക്ഷേത്രത്തില്‍ യുവതീപ്രവേശനത്തിലൂടെ ആചാരം ലംഘനം നടത്തല്‍ തുടങ്ങി ക്ഷേത്രങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാനുള്ള ശ്രമം സിപിഎം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തില്‍ നിന്നും കൈയടക്കാനുള്ള നീക്കവും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുബത്തില്‍ നിന്നും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചത് ക്ഷേത്രത്തിലെ ജീവനക്കാരുടെ ഇടതുസംഘടനകളായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും തങ്ങളുടെ കൈകളില്‍ വരുമെന്ന ഗൂഢലക്ഷ്യമായിരുന്നു പിന്നില്‍. സിഐടിയു സംഘടനയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രത്തിലെ ഔദ്യോഗികസംഘടന. റഫറണ്ടത്തില്‍ കര്‍മ്മചാരി സംഘവും ഐഎന്‍ടിയുസിയും ശിവസേനയുമടക്കമുള്ള സംയുക്ത യൂണിയനെ പരാജയപ്പെടുത്തിയാണ് ഇവര്‍ ആധിപത്യമുറപ്പിച്ചത്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിടുമെന്ന ധാരണയിലാണ് റഫറണ്ടം നടത്തി സിഐടിയു ആധിപത്യമുറപ്പിച്ചത്. രാജകുടുംബത്തിനെതിരെ നിയമനടപടികളുമായി നീങ്ങിയ അഭിഭാഷകനായ അനന്തപത്മനാഭനെ മുന്‍നിര്‍ത്തി പരാതി നല്‍കിയത് അന്നത്തെ പ്രതിപക്ഷനേതാവായുന്ന വി.എസ്. അച്ചുതാനന്ദനായിരുന്നു.
സുപ്രീം കോടതി വിധിയില്‍ അഞ്ചംഗ ഭരണസമിതിയിലെ ഒരംഗത്തെ മാത്രം നിയമിക്കുന്നതില്‍ ഇടപെടാമെന്നായിരുന്നു സര്‍ക്കാരിന് അനുകൂലമായി ഉണ്ടായ ഏക പരാമര്‍ശം. എന്നാല്‍ ഈ നിയമനവും ജില്ലാ ജഡ്ജി അംഗീകരിച്ചാല്‍ മാത്രമേ സാധ്യമാവൂ. രാജകുടുംബത്തെ ട്രസ്റ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന വാദത്തിനും തിരിച്ചടിയേറ്റു. ഇതോടെ ഭരണസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന രാജകുടുംബത്തിന്റെ വാദവും അംഗീകരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രം പിടിച്ചടക്കാന്‍ വ്യാമോഹിച്ച ഇടതു സര്‍ക്കാരിന് എതിരായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: