കൊല്ലം: ഹയര്‍സെക്കന്‍ഡറി പഠനത്തിനായി അപേക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനവും കാത്ത് കുട്ടികളും രക്ഷിതാക്കളും. എസ്എസ്എല്‍സി പരീക്ഷയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ ഇത്തവണ വിജയശതമാനം വര്‍ധിച്ചിട്ടുണ്ട്. വിജയിച്ച കുട്ടികളുടെ കണക്കനുസരിച്ചുള്ള പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകത്തില്‍ അപേക്ഷ നല്‍കുന്നതിനും മറ്റും അക്ഷയകേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികാനുകൂല്യം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണമാണ് ആളുകള്‍ തടിച്ചുകൂടാന്‍ കാരണമെന്നാണ് അക്ഷയകേന്ദ്രങ്ങള്‍ പറയുന്നത്.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് 10,000 രൂപയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയും പ്രത്യേക സ്കോളര്‍ഷിപ്പുണ്ടെന്ന് ശബ്ദസന്ദേശമായും അക്ഷയ, ഐടി മിഷന് ലോഗോ ചേര്‍ത്ത പോസ്റ്ററുകളായും പ്രചരിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ഒരു സൊസൈറ്റിയുടെ പേരില്‍ പ്രചരിച്ച പരസ്യം കണ്ട് സ്കോളര്‍ഷിപ്പിനായി അപേക്ഷിച്ചവര്‍ ട്രാന്സാക്ഷന് ഫീസായി അവര്‍ ആവശ്യപ്പെട്ട തുക അടച്ചതിനുപുറമെ ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങളും നല്കിയ സംഭവങ്ങളുമുണ്ട്. ചതിയില്‍പ്പെട്ട പലരും ഈ പ്രചാരണം വ്യാജമാണെന്നറിഞ്ഞ് അക്ഷയകേന്ദ്രങ്ങളില്‍ നിന്നും മടങ്ങുകയാണ്.
അതേസമയം കോവിഡ് കാലത്തെ പ്രവേശനം എങ്ങനെയാകുമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. എല്ലാവര്‍ഷവും ഓണ്‍ലൈനില്‍ ഏകജാലക സമ്പ്രദായത്തിലാണ് പ്രവേശനം നടത്താറെങ്കിലും ഏതെങ്കിലും സ്കൂളില്‍ അപേക്ഷാഫോറം പൂരിപ്പിച്ചു നല്കാന് കുട്ടികള്‍ എത്തേണ്ടതുണ്ട്. അധ്യാപകര്‍ പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പാക്കിയശേഷമേ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാകൂ. എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് എപ്പോള്‍ വരുമെന്നതിനെക്കുറിച്ച് ഒരു അറിയിപ്പുമില്ല.
സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥി തന്നെ സ്കൂളില്‍വന്ന് ഒപ്പിട്ടുവാങ്ങേണ്ടതായതിനാല് കോവിഡ് ക്രമീകരണങ്ങള്ക്കനുസരിച്ചു മാത്രമേ വിതരണമുണ്ടാകൂ. മാര്‍ക്ക് ഓണ്‍ലൈനായി ലഭ്യമായതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: