യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന് ആറ് ഋതുക്കളാണുള്ളത്. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം. ആയുര്‍വേദാചാര്യന്മാരായ ചരകനും സശ്രുതനും ഭേളനും ചക്രദത്തനും രചിച്ച സംഹിതകളില്‍ ഓരോ ഋതുക്കളിലും ആചരിക്കേണ്ട ജീവിതശൈലിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. വര്‍ഷ ഋതുവില്‍ വരുന്നതാണ് കര്‍ക്കടകം. ശരീരത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലം.
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കടുത്ത വരള്‍ച്ചയിലും വേനലിലും പ്രകൃതി പൊടിപടലങ്ങളാല്‍ നിറയും. തുടര്‍ന്ന് മഴക്കാലത്തുണ്ടാകുന്ന കാറ്റിലും നീരൊഴുക്കിലും ഈ പൊടിപടലങ്ങളും ചളിയും മറ്റു മാലിന്യങ്ങളും പലയിടങ്ങളിലായി അടിഞ്ഞു കൂടും. മാലിന്യങ്ങളുമായുള്ള സമ്പര്‍ക്കത്താല്‍ മനുഷ്യരിലും മൃഗങ്ങളിലും വിഷാംശങ്ങള്‍ പടരും. ഇത് ജ്വര, ചര്‍മ, ഉദരരോഗങ്ങള്‍ക്ക് കാരണമാകും. ഗുരുതരമായാല്‍ ജീവഹാനി വരെ സംഭവിക്കാം.
വര്‍ഷകാലത്ത് ശരീരോഷ്മാവ് നിലനിര്‍ത്തുന്നതിനായി കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കണം. തറനിരപ്പില്‍ നിന്ന് 70 സെ.മീ ഉയരത്തിലാവണം ഉറങ്ങാന്‍ കിടക്കേണ്ടത്. തണുത്തവെള്ളം ഉപയോഗിക്കരുത്. തണുത്ത കാറ്റേല്‍ക്കാതെ ശരീരം സംരക്ഷിക്കാനും ശ്രദ്ധിക്കണം.
വര്‍ഷകാലത്ത് പാല്‍, നെയ്യ്, കുരുമുളക്, മഞ്ഞള്‍, വെളുത്തുള്ളി ഇവ യുക്തമായ രീതിയില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കര്‍ക്കടകത്തില്‍ പ്രത്യേക ഔഷധപാല്‍ക്കഞ്ഞി തയാറാക്കി കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും അതിവിശിഷ്ടമാണ്.
കര്‍ക്കടകക്കഞ്ഞി
ഇതിനു വേണ്ട ഔഷധങ്ങള്‍: ഉഴിഞ്ഞവേര്, ആനഅടിയന്‍ വേര് (ആനച്ചുവടി), അമൃത്, ദേവതാരം, ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, പെരിഞ്ചീരകം, കരിഞ്ചീരകം, കൊത്തമ്പാലരി, തിനയരി, ഏലത്തരി, ചെറുപുന്നയരി, കുറുന്തോട്ടിവേര്, പതിമുഖം, കരിങ്ങാലിക്കാതല്‍, പുഷ്‌ക്കരമൂലം, ഇടിഞ്ഞില്‍ തൊലി എന്നിവ തുല്യ അളവിലെടുത്ത് വൃത്തിയാക്കി, നന്നായി ഉണക്കിപ്പൊടിച്ച് ഔഷധക്കൂട്ടുണ്ടാക്കുക. 120 ഗ്രാം പൊടിയരി, 200 ഗ്രാം നറുനെയ്യ്, 250 ഗ്രാം പനംചക്കര 20 ഗ്രാം ഔഷധക്കൂട്ട് എന്നിവ ഓരോ ലിറ്റര്‍ വീതം പാലും വെള്ളവും, ചേര്‍ത്തെടുത്തതിലിട്ട് തിളപ്പിച്ച് അരിവെന്ത ശേഷം വെള്ളത്തോടെ ദിവസം രണ്ടു നേരം സേവിക്കുക. ഇങ്ങനെ ഏഴു ദിവസം തുടരണം. ആരോഗ്യദായകമാണിത്. രോഗങ്ങളെ തടയാനും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: