തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ പങ്ക് ഉറപ്പിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്തേക്കും. ശിവശങ്കറിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയും നീക്കം തുടങ്ങി.
ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വപ്ന സുരേഷുമായുള്ള അടുത്ത ബന്ധവും ഉന്നത സ്വാധീനവും പുറത്ത് വരും. ഇതിന് താത്ക്കാലികമായെങ്കിലും തടയിടാന്‍ ശിവശങ്കറിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്ത് തടിയൂരുക എന്ന വഴിയാണ് പിണറായി തേടുന്നത്. സ്വപ്നയുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കുകയും ഐടി സെക്രട്ടറി പദവിയില്‍ നിന്ന് ഒരു വര്‍ഷത്തെ നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തിരുന്നു.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് അന്വേഷണ സംഘം ഉടന്‍ നീങ്ങിയേക്കും. ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന, സെക്രട്ടേറിയറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും സ്വപ്ന സുരേഷും സന്ദീപ് നായരും പി.എസ്. സരിത്തും ഫഌറ്റില്‍ എത്തുമായിരുന്നു. ഐടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ഒരു വര്‍ഷത്തേക്കുള്ള അവധി എഴുതി വാങ്ങിയ്ക്കാന്‍ ശിവശങ്കറിനെ വിളിച്ചു വരുത്തിയതും ഈ ഫഌറ്റില്‍ നിന്നായിരുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ശിവശങ്കറിനെ സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.
വ്യക്തിപരമായ പല ആവശ്യങ്ങള്‍ക്കും ശിവശങ്കറിന്റെ സ്വാധീനം പ്രതികള്‍ ഉപയോഗിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തി. പോലീസിലെയും ക്രൈംബ്രാഞ്ചിലെയും കേസുകള്‍ തീര്‍ക്കാനും വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഫയലുകള്‍ നീക്കാനും ശിവശങ്കര്‍ ഇടപെട്ടതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സ്വപ്നയ്ക്കു വേണ്ടി സംസാരിച്ചത് ശിവശങ്കര്‍ ആണെന്നും തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: