തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. സന്തോഷം മാത്രമാണ് തോന്നുന്നത്. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.
വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വിധി.
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.
ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, ബി നിലവറ തുറക്കല്‍, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത് .നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ അടക്കം മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയില്‍ സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന് എ, ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: