കോഴിക്കോട്: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ തരം തിരിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് രോഗചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമടക്കം പിപി ഇകിറ്റും മുഖാവരണവും കണ്ണട(സ്പ്ലാഷ് ഗോഗിള്‍)യും നല്‍കുന്നുണ്ടെങ്കിലും ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, നഴ്സിംഗ് അസിസ്റ്റന്റ്, ദിവസവേതനക്കാര്‍ എന്നിവരോട് വിവേചനമെന്ന് പരാതി ഉയരുന്നു. പിപിഇ കിറ്റും, മുഖാവരണവും ലഭിക്കുന്നുണ്ടെങ്കിലും വൈറസുകള്‍ കണ്ണിലൂടെ പകരാതിരിക്കാന്‍ ആവശ്യമായ കണ്ണട നല്‍കുന്നില്ലെന്നാണ് പരാതി.
പോസിറ്റീവായ രോഗികള്‍ താമസിച്ച മുറികള്‍ ശുചീകരിക്കുന്നതും മാലിന്യം ഒഴിവാക്കുന്നതുമടക്കമുള്ള ജോലി ചെയ്യുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ടാല്‍ പോലും കണ്ണട നല്‍കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
രോഗം പകരുമെന്ന ഭീതിയിലാണ് ഓരോ ദിവസവും ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോവിഡ് ഡ്യൂട്ടി ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വിശ്രമ ദിവസങ്ങള്‍ കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്. കോവിഡ് ഡ്യൂട്ടിക്ക് ശേഷം നല്കുന്ന സ്ഥാപന ക്വാറെന്റൈനും നിഷേധിക്കുന്നു ജീവനക്കാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിനടുത്ത വിവിധ ഹോസ്റ്റലുകളിലായിരുന്നു ജീവനക്കാര്‍ക്ക് ക്വാറെന്റൈന്‍ നല്‍കിയിരുന്നത്. നേരത്തെ ഇവര്‍ക്ക് ഭക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ ക്വാറൈന്റൈനിലായതിനാല് പുറത്ത് പോകാന്‍ കഴിയാത്ത ഇവര്‍ക്ക് നല്കിവന്നിരുന്ന ഭക്ഷണ വിതരണം നിലച്ചതോടെ ഇവര്‍ വെട്ടിലായിരിക്കുകയാണ്. പുറത്തു നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്തിക്കുകയോ പാചകം ചെയ്യുകയോ വേണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ആവശ്യമായ ക്വാറൈന്റൈന് സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഡ്യൂട്ടിക്ക് ശേഷം മതിയായ സ്ഥാപന ക്വാറെന്റൈന്‍ ലഭിക്കുന്നില്ലെങ്കില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് എങ്ങനെ പോകുമെന്നാണ് ഇവരുടെ ഭീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: