തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് സിപിഐ. എന്നിട്ടും അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരമോ സിപിഎം അവര്‍ക്ക് നല്‍കുന്നില്ല. പ്രത്യേകിച്ചും മുഖ്യമന്ത്രി. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വേച്ഛാധികാരത്തില്‍ സിപിഎം മന്ത്രിമാര്‍ പോലും ഗതിമുട്ടി നില്‍ക്കുകയാണ്. പിന്നെ സിപിഐയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.
ഭരണം തുടങ്ങിയതു മുതല്‍ തന്നെ സിപിഐക്ക് ദഹനക്കേട് തുടങ്ങിയതാണ്. സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയുന്ന വിഷയത്തില്‍പോലും സിപിഐ മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. മന്ത്രിമാരെല്ലാം കന്നിക്കാരായതാണ് മുഖ്യമന്ത്രിക്ക് എളുപ്പമായത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ സെക്രട്ടറിമാരെയോ താക്കോല്‍സ്ഥാനത്തെ ഉദ്യോഗസ്ഥരെയോ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ സുപ്രധാന നിയമനങ്ങള്‍. പ്രതികരിച്ചാല്‍ അവഹേളനം. ഏറ്റവും ഒടുവില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിന് മന്ത്രി ഇ.പി. ജയരാജന്റെ കമന്റ് ഉദാഹരണം. ”മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കല്ലേ യോഗ തീരുമാനമറിയൂ” എന്നായിരുന്നു പരിഹാസം.
സ്പ്രിങ്കഌ ഇടപാടിലെ അപ്രിയം സിപിഐ പ്രകടിപ്പിച്ചപ്പോള്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സിപിഐ ഒാഫീസിലെത്തിയാണ് നടപടികള്‍ വിശദീകരിച്ചത്. ഇതുവരെ ഇല്ലാത്ത കീഴ്വഴക്കമാണത്. മന്ത്രിസഭയറിയാതെ എടുത്ത തീരുമാനം വിശദീകരിക്കാന്‍ മുഖ്യ ഘടകകക്ഷിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥനെ അയയ്ക്കുക. അതില്പരം അപമാനമില്ല. ശിവശങ്കറിനെ ഐടി വകുപ്പില്‍നിന്നു നീക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തൃണവല്ഗണിച്ചു. അതിനെതിരായ ചൊരുക്കാണ് ജോസ് കെ. മാണി വിഷയത്തില്‍ പ്രകടമാക്കിയത്.
കേരളാ കോണ്‍ഗ്രസ്-സിപിഐ സഖ്യം പതിറ്റാണ്ടിലേറെ നീണ്ടതാണ്. സി. അച്യുതമേനോന് മുഖ്യമന്ത്രിയായപ്പോള്‍ കേരളാ കോണ്‍ഗ്രസ് മന്ത്രിസഭയിലുണ്ടായിരുന്നതാണ്. ഇടതുമുന്നണിയിലും മാണിയും ജോസഫും ഘടകകക്ഷികളായിരുന്നു. ഇപ്പോഴത്തെ വര്‍ജ്യം ജോസ് കെ. മാണി സ്വീകാര്യമെന്ന് ആദ്യം സിപിഎം പ്രസ്താവിച്ചത് അംഗീകരിക്കാനുള്ള വൈഷമ്യമാണ് സിപി
ഐ പ്രകടിപ്പിച്ചത്. സിപിഐ ഒതുങ്ങിപ്പോകുമോ എന്ന ഭീതിയും അതിലുണ്ട്. സിപിഐ മന്ത്രിമാര്‍ പറയുന്ന ആരെയും സെക്രട്ടറിമാരായി നല്‍കിയില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി അടിച്ചേല്‍പ്പിക്കുന്ന സെക്രട്ടറിമാര്‍ സുപ്രധാന ഫയലുപോലും മന്ത്രിമാരെ കാണിക്കുകയുമില്ല. റവന്യൂ വകുപ്പാണ് ഇതിന്റെ പേരില്‍ മുക്കാലിയില്‍ കെട്ടിയതുപോലെയായത്. സിപിഐയുടെ ഇംഗിതത്തിന് വിരുദ്ധമായി റവന്യൂ സെക്രട്ടറിസ്ഥാനം പി.എച്ച്. കുര്യനെ ഏല്‍പ്പിച്ചതിന്റെ കെടുതി സഹിച്ചതാണ് ഇ. ചന്ദ്രശേഖരന്. ഭക്ഷ്യ വകുപ്പിലും കൃഷി വകുപ്പിലും സ്ഥിതി മറിച്ചല്ല. മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കലാണ് സിപിഐ ലക്ഷ്യം.
ശിവശങ്കറിനു പകരം മീര്‍ മുഹമ്മദ്, സഫറുള്ള എന്നീ ഐഎഎസുകാരെ നിയമിച്ചതും സിപിഐക്ക് പ്രഹരമാണ്. മുതിര്‍ന്ന ഐഎഎസുകാരും അതേ അവസ്ഥയിലാണ്. മുതിര്‍ന്ന ഐഎഎസുകാര്‍ക്ക് അവകാശപ്പെട്ട പദവിയില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍പ്പെട്ടവരെ നിയമിച്ചതിന് പിന്നില്‍ സിപിഎമ്മിന് രാഷ്ട്രീയമുണ്ട്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഐഎഎസുകാരുടെ പേര് രഹസ്യമായി ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകുമോയെന്നതാണ് പരീക്ഷണം. സ്വര്‍ണക്കടത്തും തുടര്‍ന്ന് കസ്റ്റംസ്, എന്‍ഐഎ അന്വേഷണവും എങ്ങനെ സംഭവിക്കുമെന്ന അനിശ്ചിതത്വം ഇപ്പോള്‍ ഉടലെടുത്തിട്ടുമുണ്ട്. ഇതിനിടയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുകയാണ് പിബി അംഗം എം.എ. ബേബി. ദൃശ്യമാധ്യമങ്ങളില്‍ ബോധപൂര്‍വം അഭിമുഖങ്ങള്‍ സംഘടിപ്പിച്ച് അത് പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: