ന്യൂദല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയില്‍. തന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ദല്‍ഹിയിലെത്തി. സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെയുള്ള ഇരുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമോ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്നതു മാത്രമാണ് അറിയാനുള്ളത്. രാജസ്ഥാന്‍ നിയമസഭയില്‍ 200-ല്‍ 107 സീറ്റുകളാണ് കോണ്‍ഗ്രസിന്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്‌ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയൊടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.
2018 ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ യുവ നേതാവായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ തര്‍ക്കത്തിനൊടുവില്‍ അശോക് ഗെഹ്ലോട്ടിനെയാണ് മുഖ്യമന്ത്രിയാക്കിയത്. ഗാന്ധി കുടുംബത്തോടുള്ള കൂറുമാത്രമാണ് കണക്കിലെടുത്തത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി, സംസ്ഥാന കോണ്‍ഗ്രസ് മേധാവി എന്നീ പദവികള്‍ നല്‍കി ആശ്വസിപ്പിച്ചു..
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പൈലറ്റിന്റെ അഭിപ്രായ വ്യത്യാസം ഭരണത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ലോക് സ്ബാഹ തിരഞ്ഞെടുപ്പിന് ശേഷം മകന്റെ പരാജയത്തിന് പൈലറ്റിനെ ഗെലോട്ട് കുറ്റപ്പെടുത്തി. ”പൈലറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണം,” മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അഭിപ്രായ ഭിന്നതകള്‍ കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാര്യമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയത്.
















