തിരുവനന്തപുരം:സമ്പര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊതുവിടങ്ങളിലെ മാസ്കിന്റെ ഉപയോഗവും. രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാന്‍ മാസ്കുകള്‍ സഹായിക്കുന്നുണ്ട്. കോവിഡ് രോഗബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത് വരുന്ന സാഹചര്യത്തില്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍, രണ്ടാളുകളും മാസ്ക് ധരിച്ചു കൊണ്ടാണ് നില്ക്കുന്നതെങ്കില് പകര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ മാസ്കുകള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും എല്ലാവരും ധരിക്കണം.
പക്ഷേ, മാസ്ക് ധരിച്ചതുകൊണ്ട് എല്ലാമായി എന്നും കരുതരുത്. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ മാസ്ക് ധരിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. ശാരീരിക അകലം പാലിക്കുക, കൈകള്‍ നിരന്തരം വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഒരേ സമയം പാലിച്ചെങ്കില്‍ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ. നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപനതോത് കുറയ്ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നതിനാലാണ്.
കോവിഡ്-19 വൈറസ് ബാധിതരില്‍ സിംഹഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങളില്ലാത്തവരില്‍ ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നത് ടെസ്റ്റിന്റെ ബലഹീനതയല്ല, മറിച്ച് ചെറിയ അണുബാധകള്‍ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവായി വേണം കണക്കാക്കാന്‍. ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പരക്കാം എന്നതും ഇത്തരത്തില്‍ രോഗം പകര്‍ന്നു കിട്ടുന്നവരില്‍ ഇത് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കാം എന്നതും വസ്തുതയാണ്.
പ്രായേണ ആരോഗ്യമുള്ളവരിലൂടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോവിഡ് സംസ്ഥാനത്താകമാനം പടര്‍ന്നു പിടിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗബാധ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ രോഗബാധ ചില പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: