കോവിഡ് രോഗവ്യാപനത്തിന്റെ ദുരിതകാലത്ത് കേരളത്തില്‍ രോഗം വന്ന് മരിച്ചവരേക്കാള്‍ ഇരട്ടി കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്ന വിവരം ഞെട്ടിക്കുന്നതാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയില്‍ വളര്‍ന്നു വരുന്ന ആത്മഹത്യാ പ്രവണത കേരളത്തില്‍ വലിയ സാമൂഹ്യ പ്രശ്നമായി മാറിയെന്നത് അംഗീകരിക്കാതെ വയ്യ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഇതുവരെ ആത്മഹത്യയില്‍ അഭയം തേടിയത് 66 കുട്ടികളാണ്.
പല ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ വളരെ വ്യക്തമാണ്. കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ പറയാന്‍ ആളില്ലാത്തതും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകാത്തതുമെല്ലാം പ്രധാന കാരണങ്ങളാണ്. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിനും ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നതിനും ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞതുമെല്ലാം കാരണങ്ങളാക്കിയാണ് പല കുട്ടികളും ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ കൂടുതല്‍ പേരും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വിഷാദരോഗത്തിന് അടിപ്പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
കഠിനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരിക, ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരിക, നല്ല വ്യക്തിബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടും. മാതാപിതാക്കളുടെ വഴിപിരിയല്‍, നിരന്തരമുള്ള കുടുംബ കലഹങ്ങള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുന്നതിനു കാരണമായി മാറുന്നുണ്ട്.
ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വൈഷമ്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും മുതിര്‍ന്നവര്‍ ആരും ഇല്ലാതിരിക്കുന്നതാണ് കുട്ടികളില്‍ അരക്ഷിതബോധം വര്‍ദ്ധിപ്പിക്കുന്നത്. വിദ്യാഭ്യാസവും കുട്ടികളില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.
ആത്മഹത്യാ പ്രവണതയുള്ള കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് കുടുംബങ്ങള്‍ക്കും സമൂഹത്തിനും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും
പരിഹാരം തേടാനും അവരുടെ രക്ഷിതാക്കള്‍ ഒപ്പമുണ്ടെന്ന ബോധവും ഉറപ്പും അവരില്‍ ഉണ്ടാക്കണം. അതിന് വീട്ടിലുള്ളവര്‍ തന്നെയാണ് മുന്‍കയ്യെടുക്കേണ്ടത്. ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. സ്ഥിരമായ കുടുംബ കലഹങ്ങള്‍ കുട്ടികളുടെമനസ്സിനെ ഗുരുതരമായി ബാധിക്കും. കുട്ടികളെ അനാവശ്യമായി ശകാരിക്കുന്നതും മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്. ചില വീടുകളില്‍ കുട്ടികളെ ‘നിങ്ങള്‍ കുട്ടികളാണെന്ന്’ പറഞ്ഞ് ഒറ്റപ്പെടുത്താറുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെ സഹകരിപ്പിക്കുന്നതിലൂടെ അവരുടെ ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ കഴിയും. ഒറ്റക്കിരിക്കുകയും നിസ്സഹകരണം പ്രകടിപ്പിക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുകയും ചികിത്സയ്ക്ക് വിധേയരാക്കുകയും ചെയ്യണം. അതിലുപരി കുടുംബത്തിന്റെ അന്തരീക്ഷം വിലയിരുത്തുകയും അവിടെ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനു പരിഹാരം കാണുകതയും വേണം.
കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്റ് റെസ്ക്യു മേധാവി ആര്. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കി. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അതത്രെയും നല്ലത്.
അതിനുമപ്പുറം കുട്ടികളിലെ ആത്മഹത്യാപ്രവണത ഇല്ലാതാക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിക്കണം. കുട്ടികള്‍ സമൂഹത്തിന്റെ സ്വത്താണ്. അവരിലൂടെയാണ് രാജ്യത്തിന്റെ സുവര്‍ണ്ണ ഭാവി നിലനില്‍ക്കുന്നത്. അവരെ കാത്തു സൂക്ഷിക്കാനുള്ള ബാധ്യത നമുക്കോരോരുത്തര്‍ക്കുമുണ്ട്. നമുക്കവരെ ചേര്‍ത്തു നിര്‍ത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: