ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ ബിജപി നേതാവ് വസീം ബാരി, പിതാവ് ബഷീര്‍ അഹമ്മദ്, സഹോദരന്‍ ഉമര്‍ ബഷീര്‍ എന്നിവരെ ലഷ്‌ക്കര്‍ ഭീകരര്‍ വധിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
ബന്ദിപ്പോര പോലീസ് സ്‌റ്റേഷനു സമീപം വസീം ബാരിയും കുടുംബവും നടത്തുന്ന കടയില്‍ നില്‍ക്കുകയായിരുന്നു മൂന്നുപേരും. ഇവിടെയെത്തിയ ലഷ്‌ക്കര്‍ ഭീകരര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരും മരണത്തിന് കീഴടങ്ങി. വസീം ബാരി മുന്‍ ജില്ലാ (ബന്ദിപ്പോര) പ്രസിഡന്റാണ്.
അച്ഛനും സഹോദരനും പാര്‍ട്ടി ഭാരവാഹികളായിരുന്നു. ഇവരുടെ സുരക്ഷയ്‌ക്ക് എട്ട് പോലീസുകാരെ നിയോഗിച്ചിരുന്നെങ്കിലും ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വെടിവച്ചവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. രണ്ടു ഭീകരരില്‍ ഒരാള്‍ നാട്ടുകാരനും ഒരാള്‍ പാക്കിസ്ഥാനിയുമാണെന്നാണ് സൂചന.
പിന്നില്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയാണെന്നും കരുതുന്നതായി കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിന്റെ വിശദ വിവരങ്ങള്‍ തേടിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബാരിയുടെ ബന്ധുക്കളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിച്ചു. ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ, ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവരും സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: