ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ലിവര്‍പൂള്‍ ലീഗില്‍ കൂടുതല്‍ പോയിന്റു നേടി പുത്തന്‍ റെക്കോഡ് കുറിക്കാനുള്ള പ്രയാണത്തില്‍. ബ്രൈറ്റണെ തോല്‍പ്പിച്ചതോടെ ലിവര്‍പൂളിന് 34 മത്സരങ്ങളല് 92 പോയിന്റായി. ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ഒമ്പത് പോയിന്റു കൂടി നേടിയാല്‍ ചെമ്പടയ്ക്ക്് റെക്കോഡിടാം. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയതിന്റെ റെക്കോഡ്. 2017-18 സീസണില്‍ നൂറ് പോയിന്റ് നേടിയാണ് സിറ്റി റെക്കോഡിട്ടത്.
സ്ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളാണ് ബ്രൈറ്റണെതിരെ ലിവര്‍പൂളിന് 3-1 ന്റെ വിജയം നേടിക്കൊടുത്തത്്. ആറാം മിനിറ്റിലാണ് സല ആദ്യ ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ പതിനാല് മിനിറ്റ് ശേഷിക്കെ രണ്ടാം ഗോളും കുറിച്ചു. ഹെന്‍ഡേഴ്സണാണ് മറ്റൊരു ഗോള്‍ നേടിയത്. ട്രോസാര്‍ഡാണ് ബ്രൈറ്റണിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഗബ്രീയേല്‍ ജീസസ്, റിയാദ് മെഹ്റസ്, ഡേവിഡ് സില്‍വ, റഷീം സ്റ്റെര്‍ലിങ് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ഈ വിജയത്തോടെ സിറ്റി 34 മത്സരങ്ങളില്‍ 69 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: