കുന്നത്തൂര്‍: സംസ്ഥാന ക്ഷീരവികസനവകുപ്പ് നടപ്പാക്കിയ പശുഗ്രാമം പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നഷ്ടമായതായി പരാതി. 2019-20 വര്‍ഷം ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരവികസന ഓഫീസ് വഴി ശൂരനാട് വടക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ പശുഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയിലധികം ഗുണഭോക്താക്കള്‍ക്കും പണം ലഭിച്ചില്ല.
കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തും പശുക്കളെ വാങ്ങിയവരും തൊഴുത്ത് നിര്‍മിച്ചവരും കറവ യന്ത്രങ്ങള്‍ വാങ്ങിയവരും പദ്ധതി പ്രകാരമുള്ള പണം കിട്ടാതായതോടെ ബുദ്ധിമുട്ടിലായി. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതില്‍ 28 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സമയബന്ധിതമായി ഗുണഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്നതില്‍ ശാസ്താംകോട്ട ക്ഷീരവികസന ഓഫീസര്‍ കാട്ടിയ അലംഭാവമാണ് ബാക്കി 22 ലക്ഷം രൂപ പാഴാകാന്‍ ഇടയാക്കിയതെന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്. വിവിധ വിഭാഗങ്ങളിലാണ് പദ്ധതി പ്രകാരം തുക അനുവദിക്കേïത്. ഒരു പശുവിനും കിടാവിനും കൂടി 53,000 രൂപയും രണ്ട് പശുക്കള്‍ക്ക് 69,000 രൂപയും ലഭിക്കും. മൂന്ന് പശുക്കള്‍ക്ക് 1.15 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. തൊഴുത്ത് നിര്‍മാണത്തിന് 50,000 രൂപയാണ് പദ്ധതിയില്‍ അനുവദിച്ചത്. പദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ ആദ്യം പണം മുടക്കണം. ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണമടയ്ക്കുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മൂല്യനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കും. പിന്നീട് മാത്രമാണ് തുക ഗുണഭോക്താക്കളുടെ അക്കൗïിലെത്തുന്നത്.
എന്നാല്‍ സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയിലധികം പേര്‍ക്കും പണം ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് പണം മുടക്കിയവര്‍ വെട്ടിലായി. വായ്പയെടുത്തും മറ്റും മുന്തിയ ഇനം പശുക്കളെ തമിഴ്നാട്ടില്‍ പോയാണ് കര്‍ഷകര്‍ വാങ്ങിയത്. നാട്ടില്‍ നല്ല പശുക്കളെ ലഭിക്കുമായിരുന്നിട്ടും ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം കാരണമാണ് തമിഴ്നാട്ടില്‍ നിന്നും പശുവിനെ വാങ്ങേണ്ടി വന്നത്. ഇതില്‍ നല്ലൊരു തുക ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷനായി കിട്ടിയെന്നും ആക്ഷേപമുണ്ട. തൊഴുത്തുകളുടെ നിര്‍മാണം പൂര്‍ത്തിയായവര്‍ക്കും പണം ലഭിച്ചില്ല. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും പണം ലഭ്യമാക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ക്ഷീരവികസന ഓഫീസറായിരുന്ന ഓമനക്കുട്ടന് സ്ഥലം മാറിപ്പോവുകയും ചെയ്തു. പകരം വന്ന ഓഫീസര്‍ക്കാകട്ടെ ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് പറയുന്നത്.
എന്നാല്‍ കോവിഡ് വ്യാപനമായതാണ് പണം ലഭിക്കാന്‍ കാലതാമസം നേരിട്ടതെന്നും കര്‍ഷകര്‍ക്ക് പണം നഷ്ടമാകില്ലെന്നുമാണ് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നത്. ഈ വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പണം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ബിജു സോപാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: