തിരുവല്ല: സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനം ബാലാരിഷ്ടതകള്‍ക്ക് നടുവില്‍. ഒരു മാസം പിന്നിടുമ്പോഴും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ പഠനത്തോട് പൂര്‍ണ്ണമായി പൊരുത്തപ്പെടാനായിട്ടില്ല. വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് നടക്കുന്നുണ്ടെങ്കിലും അവയുടെ എണ്ണം പരിമതം. ഒരാഴ്ചയില്‍ ഒരു വിഷയത്തിന് അഞ്ച് ദിവസം ക്ലാസ് കിട്ടുന്ന സ്ഥാനത്ത് രണ്ട് ദിവസം മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പഠന യൂണിറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു.
വൈറസ് ബാധ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്ക്കുമ്പോള് ഓണ്‍ലൈന്‍ പഠനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല. പക്ഷെ കുട്ടികള്‍ ഇതുമായി പൊരുത്തപ്പെട്ട് വരാന്‍ സമയമെടുക്കും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം. ക്ലാസിലെ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് അധ്യാപകര്‍ കുട്ടികളുമായി സംവദിക്കുന്നത്. ഒരു അധ്യാപകന് വിദ്യാര്‍ഥികളുടെയും ക്ലാസിന്റെയും എണ്ണമനുസരിച്ച് ഗ്രൂപ്പുകളുണ്ടാകും. ഈ ഗ്രൂപ്പുകളിലെ കുട്ടികള്‍ വാട്സ്ആപ്പിലിടുന്ന നോട്ടുകളും ഹോം വര്‍ക്കുകളും നോക്കി തെറ്റു തിരുത്തി തിരിച്ചയയ്ക്കുക പ്രയാസമേറിയ പ്രക്രിയയാണ്. ശരാശരി 500 മുതല്‍ 1,000 സന്ദേശങ്ങള്‍ വരെ ഒരു അധ്യാപകന് ഗ്രൂപ്പില്‍ വരും.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ പലരുടെയും കൈയില്‍ വില കുറഞ്ഞ ഫോണാണുള്ളത്. ഇവയ്ക്ക് മെമ്മറി കുറവയായിരിക്കും. അതിനാല്‍ ഹോം വര്‍ക്കുകള്‍, നോട്ടുകള്‍ എന്നിവ തയാറാക്കാനും കുട്ടികള്‍ ബുദ്ധിമുട്ടുന്നു. മെസേജുകളുടെ എണ്ണം കൂടുമ്പോള്‍ ഫോണ്‍ വേഗത്തില്‍ ജാമാകുന്നു. അതേസമയം, മുന്തിയ അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ ഉപയോഗിക്കുന്നത് പോലെയുള്ള ടാബുകള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപ്രാപ്യമാണ്.
കൊറോണ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കെ വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. വിദ്യാലയങ്ങള്‍ തുറക്കുന്നത് നീണ്ടാല്‍ പഠന യൂണിറ്റുകള്‍ കുറയ്ക്കേണ്ടി വരും. കൂടാതെ അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ കാര്യത്തിലും പുനഃക്രമീകരണം വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: