കൊട്ടാരക്കര: മുട്ടറ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു പരീക്ഷ എഴുതിയ 61 കുട്ടികളുടെ ഗണിതപരീക്ഷയുടെ ഉത്തര കടലാസ് കാണാതായ സംഭവത്തില്‍ അനാസ്ഥ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ബോര്‍ഡ്.
ഊര്‍ജിത അന്വേഷണം നടത്തി ഉത്തരക്കടലാസ് കണ്ടുപിടിക്കാന്‍ ഹയര്‍സെക്കണ്ടറി ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 10നു ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ഈ 61 കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് അധികൃതര്‍ക്കും ഉത്തരമില്ല.
മെയ് 30ന് ഗണിതപരീക്ഷ കഴിഞ്ഞു പാലക്കാട് അയയ്ക്കേണ്ട പേപ്പര്‍ എറണാകുളത്തു അയയ്ക്കുകയും എറണാകുളത്തു എത്തിയ എസ്ആര്‍വി ഹൈസ്കൂളില്‍ എത്തിയ ഉത്തരക്കടലാസ് ജൂണ്‍ 9ന് പാലക്കാട്ടേക്ക് അയയ്ക്കുകയും ഓഫീസ് ട്രാക്ക് റിക്കോര്‍ഡില്‍ 11ന് കൊച്ചി പോസ്റ്റ് ഓഫീസില്‍ എത്തിയതായും രേഖയുണ്ട്.
പിന്നീട് ഉത്തരക്കടലാസ് എവിടെ എത്തിയതായി അറിവില്ല. എവിടെയും കൈപ്പറ്റിയതായും റിപ്പോര്‍ട്ടില്ല. ദിനവും കടുത്ത ആശങ്കയില്‍ സ്കൂള്‍ കയറി ഇറങ്ങുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉത്തരക്കടലാസ് കിട്ടുമെന്ന പ്രതീക്ഷ നല്‍കുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൂടിയ വിദ്യാര്ഥിരക്ഷാകര്തൃ യോഗത്തില്‍ 10ന്റെ ഫലപ്രഖ്യാപനത്തില്‍ ഈ 61 പേരുടെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയര്‍ന്നത്. നേരത്തെ തന്നെ വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസമന്ത്രി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും പരാതി കൊടുത്തിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ മാത്രമേ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ എന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നത്. ജൂലൈ 6ന് യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും പറയുന്നു.
മറ്റു വിഷയങ്ങളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗണിത വിഷയത്തിനും മാര്‍ക്ക് നല്കി 10ന് വരുന്ന ഫലപ്രഖ്യാപനത്തില്‍ 61 പേരെയും ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെന്ന് അറിയുന്നു. കോവിഡ് അവധി വന്നശേഷം കൂടുതല്‍ പഠിക്കാന്‍ സാധിച്ചതും ചില വിദ്യാര്‍ഥികള്‍ ഗണിതത്തില്‍ പ്രഗത്ഭരായവര്‍ക്കും ശരാശരി മാര്‍ക്കിന്റെ കാര്യം അപര്യാപ്തമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: