ഇടുക്കി: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 120 ആയി. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 46 പേരാണ് ചികിത്സയിലുള്ളത്.
1. ജൂണ്‍ 19ന് തമിഴ്നാട് കമ്പത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിയായ 27കാരന്. കമ്പത്തു നിന്നും ഓട്ടോയില്‍ കുമളി ചെക്ക്പോസ്റ്റില്‍ എത്തി അവിടുന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂണ്‍ 23ന് യുഎഇ യില്‍ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശിയായ 32കാരന്. കൊച്ചിയില്‍ നിന്ന് സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
വ്യാഴാഴ്ച എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ചികിത്സയിലുള്ളവരില്‍ രണ്ട് പേര് കോട്ടയത്താണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 4365 പേരാണ് നിരീക്ഷണത്തിലുള്ളത്. 10863 പേരുടെ സാമ്പിളുകള്‍ ഇതുവരെ ആകെ ശേഖരിച്ചു. 541 പേരുടെ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ 272 പേരുടെ പരിശോധന ഫലമാണ് ലഭിച്ചത്.
കട്ടപ്പന മാര്‍ക്കറ്റിനെ ഒഴിവാക്കി
കട്ടപ്പന മാര്‍ക്കറ്റിനെ കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കി ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂണ്‍ 19ന് കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി ലോറി ഡ്രൈവര്‍ക്ക് സമ്പര്‍ക്കം മൂലം കൊറോണ വന്ന സാഹചര്യത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാര്‍ഡിലെ കട്ടപ്പന മാര്‍ക്കറ്റ് കണ്ടെയ്ന്മെന്റ് മേഖലയായി വിജ്ഞാപനം ചെയ്തിരുന്നു.
നിലവില്‍ ഇവിടെ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി പൊതുജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മാര്‍ക്കറ്റ് ആയതിനാലുമാണ് കട്ടപ്പന മാര്‍ക്കറ്റിനെ കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കിയത്.
56 കേസുകള്‍
ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കാത്തതിന് 56 പെറ്റി കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 12 ക്രൈം കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 738 പേര് നിരീക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: