പത്തനംതിട്ട: ആയിരത്താണ്ടുകളായി പുലര്‍ന്നുവരുന്ന ക്ഷേത്രസങ്കല്പങ്ങളെ തകര്‍ത്തെറിയാനുള്ള നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. തലമുറതലമുറകളായി ഭക്തര്‍ ആരാധനയ്ക്കായി ഉപയോഗിക്കുന്ന പവിത്രസ്ഥലങ്ങളെ കേവലം വില്പനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇടതുപക്ഷ സഹയാത്രികരായ ദേവസ്വംബോര്‍ഡ് ഭരണക്കാര്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക കൗണ്ടറുകളിലൂടെ പച്ചക്കറികള്‍ വില്പന നടത്താനുള്ള നീക്കം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്കരിച്ച് നടപ്പിലാക്കിയ ദേവഹരിതം കാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രങ്ങളില്‍ പച്ചക്കറി വില്പനകൗണ്ടറുകള് ആരംഭിക്കുന്നത്. ദേവഹരിതം കാര്‍ഷിക പദ്ധതിപ്രകാരം നടത്തിയ കൃഷിയുടെ വിളവെടുപ്പ് ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. വിളവെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ക്ഷേത്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ദേവസ്വംബോര്‍ഡ് അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ മുളക്, വെണ്ടയ്ക്ക, ചീര, വള്ളിപയര്‍, പാവയ്ക്ക, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുപ്പ് നടത്തി വില്‍പ്പനക്കായി എത്തിക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം ശാസ്തംമംഗലം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു നിര്‍വ്വഹിച്ചു. നിലവില്‍ ഇരുനൂറിലേറെ ക്ഷേത്രങ്ങളില്‍ വിവിധ പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട് എന്നാണ് ഔദ്യോഗികഭാഷ്യം. പലയിടത്തും വാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷിയിറക്കിയിട്ടുണ്ട്.അവ പാകമാകുന്ന മുറയ്ക്ക് ക്ഷേത്രകൗണ്ടറുകളില് വില്പനയ്ക്ക് എത്തുമെന്നാണ് സൂചന.
ക്ഷേത്രങ്ങളെ പച്ചക്കറി വിപണനകേന്ദ്രങ്ങളാക്കുന്നതില് ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ക്ഷേത്രങ്ങളില്‍ എണ്ണയും കര്‍പ്പൂരവും മറ്റ് വഴിപാടുസാധനങ്ങളും ലഭിക്കുന്ന കടകള്‍ വര്‍ഷാവര്‍ഷം ലേലംചെയ്തുകൊടുക്കുന്നതുപോലെ ഇനി പച്ചക്കറി സ്റ്റാളുകളും ലേലത്തിന് വയ്ക്കുന്നകാലം വിദൂരമല്ലെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: