മാഡ്രിഡ്: സെര്‍ജിയോ റാമോസ് അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ഗറ്റാഫെയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടത്തോട് അടുത്തു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ ജയിച്ചുകയറിയത്. ഈ വിജയത്തോടെ റയല്‍ , നിലവിലുള്ള ചാമ്പ്യന്മാരായ ബാഴ്സലോണയെ നാലു പോയിന്റിന് പിന്നാലാക്കി ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി. റയലിന് 33 മത്സരങ്ങളില്‍ 74 പോയിന്റും ബാഴ്സയ്്ക്ക് 33 മത്സരങ്ങളില്‍ 70 പോയിന്റുമാണുളളത്.
എഴുപത്തിയൊമ്പതാമത്തെ മിനിറ്റിലാണ് റാമോസ് വിജയഗോള്‍ കുറിച്ചത്. കളിയിലുടനീളം പിഴവില്ലാത്ത പ്രതിരോധം കാഴ്ചവച്ച ഗറ്റാഫെയ്ക്ക് പറ്റിയ ഏക അബദ്ധമാണ് പെനാല്റ്റിക്ക്് വഴിയൊരുക്കിയത്. ഗോള്‍ മുഖത്തേക്ക് ഓടിക്കയറിയ മാഡ്രിഡ് താരം ഡാനി കാര്‍വാജലിനെ ഗറ്റാഫെ പ്രതിരോധ താരം മത്തിയാസ് ഒലിവേര ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. റാമോസ്, പെനാല്‍റ്റി കൃത്യമായി ഗറ്റാഫെയുടെ വലയിലും എത്തിച്ചു. ഈ സീസണില്‍ റാമോസിന്റെ ഒമ്പതാം ഗോളാണിത്.
ലാ ലിഗ പുനരാരംഭിച്ചതിനുശേഷം കളിച്ച ആറു മത്സരങ്ങളിലും റയല്‍ മാഡ്രിഡ് വിജയിച്ചു. അതേസമയം ബാഴ്സലോണ കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും സമനിലയായി. റയലിനും ബാഴ്സലോണയ്ക്കും ഇനി അഞ്ചു മത്സരങ്ങള്‍ വീതമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: