പയ്യോളി: ദുരൂഹസാഹചര്യത്തില്‍ വീട്ടുവരാന്തയില്‍ നിന്നും കാണാതായ പിഞ്ചുകുഞ്ഞിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പി.പി. ഷംസീര്‍ – അഷറ ദമ്പതികളുടെ മകള്‍ ആമിന അജുവ (രണ്ട്)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. അടുക്കളയില്‍ ജോലിയിലായിരുന്ന ഉമ്മ മകളെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കൊളാവിപ്പാലത്തിന് അടുത്തുവെച്ച് തോട്ടില്‍ മരിച്ചനിലയില്‍ ഒഴുകുന്നത് സമീപവാസി കാണുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
വീടിനടുത്തുള്ള, 50 മീറ്ററോളം ദൂരമുള്ള തോട്ടില്‍ കുഞ്ഞ് എങ്ങിനെയെത്തി എന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി: സെല്‍ന മറിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: