ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. 38,900 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
21 മിഗ് 29 യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്നും 12 സുഖോയ് 30 എകെഐ വിമാനങ്ങള്‍ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സില്‍ നിന്നും വാങ്ങും. നിലവിലുള്ള 59 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കൗണ്‍സില്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ മിഗ് വിമാനങ്ങള്‍ വാങ്ങാന്‍ 7418 കോടിയും സുഖോയ് വിമാനങ്ങള്‍ വാങ്ങാന്‍ 10,730 കോടിയുമാണ് വകയിരുത്തിയത്.
1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള പിനാക ക്രൂയിസ് മിസൈലുകളും നാവിക സേനയ്‌ക്ക് അസ്ത്ര മിസൈലുകളും വാങ്ങും. ഇവ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ 20,400 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
















