ഇടത് ബുദ്ധിജീവിയും സിപിഎം മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളിനെതിരായ മകന്‍ റോണ്‍ ബാസ്റ്റിയന്റെ തുറന്നുപറച്ചില്‍ ചര്‍ച്ചയാവുന്നു. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകളുടെ വേദിയില്‍ പോകരുതെന്ന് അച്ഛനോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ നല്‍കിയിരുന്ന വിലകൂടിയ ഈന്തപ്പഴങ്ങളും വിദേശയാത്രയ്‌ക്കുള്ള വിമാനടിക്കറ്റുകളും കാണാന്‍ തുടങ്ങിയപ്പോള്‍ പറച്ചില്‍ നിര്‍ത്തിയെന്നും റോണ്‍ തുറന്നെഴുതി. വിദേശയാത്രകള്‍ക്കും വേദികള്‍ക്കും ഉപഹാരങ്ങള്‍ക്കും വേണ്ടി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുസ്ലിം മതമൗലികവാദ സംഘടനകളെ ആലിംഗനം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുകയാണ് സിപിഎം സഹയാത്രികനായ റോണ്‍.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയന്‍കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ടാണ് മാര്‍ക്‌സിസ്റ്റ് – മൗദൂദി ബന്ധം വീണ്ടും സജീവ ചര്‍ച്ചയായത്. സിപിഎം അനുയായി ആഷിഖ് ഇസ്ലാമിസ്റ്റുകളുടെ അജണ്ട നടപ്പാക്കുകയാണെന്ന് ‘വൈറസ്’ സിനിമയിറങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. അടുത്തിടെ പല വിഷയങ്ങളിലും ആഷിഖിന്റെ മതമൗലികവാദ നിലപാടുകള്‍ പുറത്തുവരികയും ചെയ്തു. ഹിന്ദു കൂട്ടക്കൊല നടത്തിയ മതഭ്രാന്തന്‍ കുഞ്ഞഹമ്മദിനെ വീരനായകനാക്കി പ്രഖ്യാപിച്ച പുതിയ സിനിമയില്‍ കൂട്ടാളികളെല്ലാം തീവ്രവാദ ആശയങ്ങളുടെ പ്രചാരകരുമാണ്. ആഷിഖ് അബുവിനെപ്പോലുള്ളവര്‍ സ്വന്തം മതത്തിനായി സിപിഎമ്മിനെ കൂട്ടുപിടിക്കുമ്പോള്‍ സിപിഎം സഹയാത്രികരായ മറ്റുള്ളവര്‍ വിദേശയാത്രകള്‍ക്കും സമ്മാനങ്ങള്‍ക്കുമായി ഇസ്ലാമിസ്റ്റുകളെ താലോലിക്കുകയാണ്.
ഇടതു ലിബറല്‍ ബുദ്ധിജീവിയായ സുനില്‍ പി.ഇളയിടം ഇസ്ലാമിസ്റ്റുകളോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചത് നേരത്തെ വിവാദമായിരുന്നു. ”ഹിന്ദുത്വവുമായി ഐക്യപ്പെടാന്‍ പറ്റില്ല. ഹിന്ദുത്വവുമായി സമ്പൂര്‍ണ യുദ്ധമാണ്. എന്നാല്‍ രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നാം ഏറ്റെടുക്കേണ്ടതുണ്ട്” എന്നായിരുന്നു ഇളയിടത്തിന്റെ പരാമര്‍ശം. മുസ്ലീം തീവ്രവാദ സംഘടനകളുടെ കൂടാരത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരില്‍ മറ്റൊരു പ്രധാനിയാണ് കവി സച്ചിദാനന്ദന്‍. അഖില കേസ് സമയത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങളെ ന്യായീകരിക്കുന്നതിനായി പത്രസമ്മേളനം പോലും നടത്തിയിരുന്നു സച്ചിദാനന്ദന്‍. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, പി.കെ. പോ, പി.ടി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സിപിഎമ്മിനെ ഇസ്ലാമികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനികളാണ്. സക്കറിയ, ജെ. ദേവിക, രാമനുണ്ണി, കമല്‍, ബി.ആര്‍.പി. ഭാസ്‌കര്‍, ദീപാ നിശാന്ത്, കെ.ആര്‍. മീര, സണ്ണി എം. കപിക്കാട്, അരുന്ധതി റോയ് തുടങ്ങിയവര്‍ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട് ഇസ്ലാമിക ഭീകരതയെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇടത് ബന്ധം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകരായ ഹര്‍ഷന്‍, അരുണ്‍ കുമാര്‍, സനീഷ്, രാജീവ് ദേവരാജ്, കമല്‍ റാം സജീവ് തുടങ്ങിയവര്‍ക്ക് ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു മടിയുമുണ്ടായിട്ടില്ല.
വിദേശയാത്രകളും വേദികളും തരപ്പെടുത്തി നല്‍കി ഇടത് ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കുകയാണ് ഇസ്ലാമിസ്റ്റുകള്‍. മുസ്ലിം സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും അവാര്‍ഡുകളുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവും ഇടത്-ഇസ്ലാമിസ്റ്റ് ബാന്ധവത്തെ ശക്തിപ്പെടുത്തുന്നു. മതരാഷ്‌ട്രവാദത്തെയും വര്‍ഗ്ഗീയതയെയും എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ജിഹാദി ഭ്രാന്തിനെതിരെ പ്രതികരിക്കാറുമില്ല. എസ്എഫ്‌ഐക്കാരനായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിശ്ശബ്ദത പാലിച്ചവര്‍ ഇതരമതസ്ഥരെ ഉള്‍പ്പെടെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തപ്പോള്‍ ലൗ ജിഹാദ് വിഷയം ഉന്നയിച്ചവര്‍ക്കെതിരെ രംഗത്തെത്തുകയാണ് ചെയ്തത്. ‘ഹിന്ദുത്വ ശക്തികളെ’ എതിര്‍ക്കാനെന്ന മട്ടിലാണ് ഇടനിലക്കാര്‍ സഹകരണം ശക്തിപ്പെടുത്തുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലിം ഏകീകരണത്തിനായി ഉപയോഗിക്കാനും ഇവര്‍ മടിച്ചില്ല. മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന മതവാദികളുടെ ഇരവാദ പ്രചാരണത്തിന് ശക്തി പകര്‍ന്നതും ഇടത് ബുദ്ധിജീവികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: