കൊല്ലം: വൈദ്യുതിബസ്സുകള് നിര്‍മിക്കുന്നതിന് കര്‍മ്മ പദ്ധതി തയാറാക്കാന്‍ പ്രൈസ്വാട്ടര്‍ കൂപ്പേഴ്സിന് കേരള സര്‍ക്കാര്‍ കരാര്‍ നല്‍കിയത് കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാടെ ലംഘിച്ച്. ടെന്‍ഡര്‍ വേണ്ടെന്നുവച്ചതാണ് കേന്ദ്ര നിയമത്തിന്റെ ലംഘനം. മാത്രമല്ല ഈ ജോലി ചെയ്യാന്‍ കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിരവധിയുള്ളപ്പോഴാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.
ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഈ മൊബിലിറ്റി എന്നിവ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതി തയാറാക്കാന്‍ കേന്ദ്രസ്ഥാപനമായ നിക്സി (നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ സര്‍വീസസ്) അംഗീകരിച്ച പട്ടികയിലൂള്ള മൂന്ന് കമ്പനികളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതിലൊന്നാണ് ലണ്ടനിലെ പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. കേന്ദ്ര പട്ടികയിലുള്ള സ്ഥാപനമായതിനാല്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറയുന്നത്. എന്നാല്‍ കേന്ദ്ര നിയമപ്രകാരം ഈ പട്ടികയിലുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുക തന്നെ വേണം.
മുന്‍പുള്ള യോഗ്യതകള്‍ വിലയിരുത്തിയാണ് നിക്സി ഇത്തരം കമ്പനികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ പട്ടികയിലുള്ള കമ്പനികളില്‍ നിന്ന് സേവനം നേടാനും നിയമപ്രകാരം ടെന്‍ഡര്‍ വിളിച്ചേ മതിയാകൂ. എന്നാല്‍, സര്‍ക്കാര്‍ തേടുന്ന സേവനം, നിയമപ്രകാരം, ഒരു സ്ഥാപനത്തിന്റെ മാത്രം കുത്തകയാണെങ്കില്‍ (പേറ്റന്റ് ആക്ട്) ടെന്‍ഡര്‍ വേണ്ട.
വൈദ്യുതിവാഹനങ്ങളുടെ നിര്‍മാണം, നടത്തിപ്പ് എന്നിവയടങ്ങിയ ഈ-മൊബിലിറ്റി ഹബ്ബിനു വേണ്ടിയുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനുള്ള സാങ്കേതികവിദ്യ പ്രൈസ്വാട്ടര്‍ ഹൗസ്കൂപ്പേഴ്സിന് മാത്രമുള്ളതല്ല. കേന്ദ്ര പട്ടികയിലുള്ള മറ്റു പല കമ്പനികള്‍ക്കും ഇതിനുള്ള സാങ്കേതികവിദ്യയുണ്ട്. അതിനാല്‍, കരാര്‍ നല്കാന് നിയമപ്രകാരം ടെന്‍ഡര്‍ വിളിക്കേണ്ടിയിരുന്നു. എന്‍ജിനീയറിങ് മാനേജ്മെന്റ് രംഗത്തെ വിദഗ്ധനായ ചവറ സ്വദേശി പ്രൊഫ. ഡി. അരവിന്ദാക്ഷന് പറയുന്നു.
സര്‍ക്കാര്‍ കരാര്‍ നല്കിയ പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, കെപിഎംജി, ഏണസ്റ്റ് ആന്‍ഡ് യങ് ഗ്ലോബല്‍ എന്നീ മൂന്നു കമ്പനികളും വിദേശത്തുള്ളവയാണ്. ഇവര്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍, കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ള പല സ്ഥാപനങ്ങളും നല്‍കുന്നുമുണ്ട്. തിരുവനന്തപുരത്തെ നാറ്റ്പാക്ക് അതിലൊന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിക്കുന്നുണ്ട്. കൊച്ചിന് യൂണിവേഴ്സിറ്റി, കാലിക്കറ്റ് എന്‍ഐടി, തിരുവനന്തപുരം-തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകള്‍ എന്നിവിടങ്ങളിലെ സാങ്കേതികവിദഗ്ധര്‍ ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്. മുഖ്യമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിനും ഇതു സംബന്ധിച്ച് പരിജ്ഞാനമുണ്ടെന്ന് പ്രൊഫ. അരവിന്ദാക്ഷന് ചൂണ്ടിക്കാട്ടുന്നു.
വിദേശകമ്പനികള്‍ക്ക് കരാര്‍ നല്‍കാതെ സര്‍ക്കാര്‍ നേരിട്ട് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കില്‍ ധാരാളം ഇന്ത്യന്‍ കമ്പനികള്‍ അപേക്ഷിക്കുമായിരുന്നു. 1998ല്‍ ഇതു പോലെയാണ് കനേഡിയന്‍ കമ്പനിയായ ലാവ്ലിനും ടെന്‍ഡര്‍ ഇല്ലാതെ ഇലക്ട്രിസിറ്റി ബോര്‍ഡ് കരാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: