കാസര്‍കോട്: ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് പാസ് നേടി റോഡ് മാര്ഗമെത്തുന്നവരെ അതിര്‍ത്തിയില്‍ ശക്തമായ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ദീര്‍ഘദൂര ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ യാതൊരു പരിശോധനയുമില്ലാതെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോകുന്നതായി പരാതി. ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്നുമെത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലെത്തിയപ്പോള്‍ വിവരമറിഞ്ഞ നാട്ടുകാര്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് മൂന്നു പേരെയും പോലീസെത്തി ക്വാറന്റൈനിലാക്കി.
സമൂഹവ്യാപന സാധ്യത കൂട്ടുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്താതിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ക്രീനിംഗോ മറ്റ് പരിശോധനകളോ നടത്തുന്ന സംവിധാനം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടില്ല. ഇവിടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഡ്യൂട്ടിക്കായി നിമയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് പലരും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കുന്നത്.
രണ്ട് ദീര്‍ഘദൂര ട്രെയിനുകളാണ് കാസര്‍കോട് വഴി കടന്ന് പോകുന്നത്. ജില്ലയില്‍ മറ്റൊരിടത്തും ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ല. സ്റ്റോപ്പുള്ള കാസര്‍കോട്ട് പോലും പരിശോധനാ സംവിധാനമൊരുക്കാത്തത് ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
റെയില്‍വേ സ്റ്റേഷനു സമീപം തെരുവത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ചൊവ്വാഴ്ച മൂന്ന് ഡല്‍ഹി സ്വദേശികളെത്തിയത്. ഇവരെ അസമയത്ത് ഇവിടെ കണ്ടതിനാല്‍ കാര്യം ചോദിച്ചപ്പോഴാണ് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ വന്നവരാണെന്ന് മനസിലായത്. പിന്നീട് പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്. ഏതാനും ദിവസം മുമ്പ് സമാനമായ രീതിയിലെത്തിയ ഒരാളെ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നു തന്നെ കണ്ടെത്തി മറ്റൊരു ട്രെയിനില്‍ വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം ആര് ഡി ഒയുടെയും ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആവശ്യത്തിന് പരിശോധന സംവിധാനങ്ങളൊരുക്കുമെന്ന് പറഞ്ഞതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: