കുണ്ടറ: കോവിഡും മഴക്കാല രോഗങ്ങളും പടരുന്ന ഈ സമയത്ത് ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവുകള്‍ സര്‍ക്കാര്‍ നികത്തുന്നില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കേണ്ട സമയത്ത് സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ അഞ്ഞൂറോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ (ജെപിഎച്ച്എന്‍) പ്രമോഷന് തസ്തികയാണിത്.
പ്രമോഷന് നല്‍കാത്തതിനാലാണ് ഇത്രയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്. പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ ജോലിയും ഇപ്പോള്‍ ചെയ്യുന്ന ജെപിഎച്ച്എന്മാര്ക്ക് പബ്ലിക് ഹെല്‍ത്ത് നഴ്സായി പ്രമോഷന് നല്‍കുന്നത് ആറുമാസത്തെ പരിശീലനം നല്കിയ ശേഷമാണ്. ഈ പരിശീലനം കൃത്യസമയത്ത് നല്‍കാത്തതാണ് പ്രമോഷന് വൈകാന്‍ കാരണം. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ പരിശീലനം നടക്കുന്നില്ല.
ജൂനിയര്‍ പിഎച്ച് നഴ്സ് തസ്തികയില്‍ ഗ്രേഡ് വാങ്ങിയ ശേഷമാണ് പ്രമോഷന് കിട്ടുന്നത് എന്നതിനാല്‍ പ്രമോഷന് കൊണ്ട് സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്ന് ഈ മേഖലയിലെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലമായതിനാല്‍ അടുത്തൊന്നും പരിശീലനം നടക്കാന്‍ സാധ്യതയില്ല.
സാങ്കേതികയോഗ്യതയോടെ ജോലിയില്‍ പ്രവേശിക്കുന്നവരാണ് ജൂനിയര്‍ പിഎച്ച് നഴ്സുമാര്‍. നിലവില്‍ ഒട്ടേറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ ചുമതല വഹിക്കുന്നതും ഇവരാണ്. ഈ സാഹചര്യത്തില്‍ പരിശീലനം ഇല്ലാതെതന്നെ താത്കാലികമായി പ്രമോഷന് നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇവര്‍ക്ക് പ്രമോഷന് കിട്ടുമ്പോള്‍ ജെപിഎച്ച്എന്‍ തസ്തികയില്‍ ഒട്ടേറെ ഒഴിവുകള്‍ വരും. ഇത് നികത്തപ്പെടുമ്പോള്‍ പിഎച്ച്സികളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മാതൃശിശുസംരക്ഷണ പദ്ധതികളും സുഗമമാകുമെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: