മണ്ണാര്‍ക്കാട്: ചിലര്‍ക്ക് ചില ഡോക്ടര്‍മാരോട് പ്രത്യേക താത്പര്യം ഉണ്ടാകും. നമ്മളതിനെ കൈപുണ്യം എന്ന് പറയും…അത്തരത്തില്‍ മണ്ണാര്ക്കാടുകാര്ക്കും പ്രിയപ്പെട്ടൊരു ഡോക്ടറുണ്ട്. അറിവിന്റെ ആഴവും അനുഭവ പരിചയവും മാത്രമല്ല ഡോ.പി. പരമേശ്വരനെ വ്യത്യസ്തനാക്കുന്നത്. രോഗികളായ കുട്ടികളോടുള്ള സ്നേഹ സമീപനവും കരുതലുമൊക്കെയാണ്….
ആതുരസേവന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് മണ്ണാര്‍ക്കാട്ടെ ശിശുരോഗ വിദഗ്ധനായ ഡോ.പി. പരമേശ്വരന്. ഇതിനോടകം തന്നെ പതിനായിരത്തിലധികം കുട്ടികളെ ചികിത്സിച്ചു. നിര്‍ധനരായ കുട്ടികള്‍ക്ക് മരുന്നുള്‍പ്പെടെ ഏറെ സഹായങ്ങള്‍ നല്കി.ഇപ്പോഴും തുടരുന്നു. കിടത്തി ചികിത്സക്ക് ശേഷം പോകുന്ന നിര്‍ധന കുടുംബങ്ങളില്‍ നിന്നും പലപ്പോഴും ബില്‍ തുക പോലും വാങ്ങാറില്ല. പ്രായം തളര്‍ത്താത്ത മനസുമായി അദ്ദേഹമിപ്പോഴും കര്‍മരംഗത്ത് സജീവമാണ്.
1980 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പഠിച്ചിറങ്ങിയത്. 1981-ല്‍ കാഞ്ഞിരപ്പുഴ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായെത്തി. പിന്നീട് 1987 ല്‍ ശിശുരോഗവിഭാഗത്തില്‍ (ഡിസിഎച്ച്) ഉപരിപഠനത്തിനു കര്‍ണ്ണാടകയിലെ ദുല്‍ സര്‍ഗ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് 1988-ല്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ശിശു രോഗവിദഗ്ദ്ധനായി സേവനം ആരംഭിച്ചു. പാവപ്പെട്ടവര്‍ക്ക് അന്നും ഇന്നും ഡോ. പരമേശ്വരന് കൈതാങ്ങാണ്.
2006 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ.കെ.എം. സരോജവുമൊത്ത് ആനക്കട്ടി റോഡിലുള്ള വൈശാഖ് ആശുപത്രിയില്‍ കര്‍മരംഗത്തുണ്ട്.
മൂത്ത മകന് ഡോ. പ്രശാന്ത് പരമേശ്വരന് കോഴിക്കോട് എംവിആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജിസ്റ്റായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന് ഡോ.പ്രശോഭ് മദ്രാസ് മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. മരുമക്കള്‍: ഡോ.അനുപമ, ഡോ. ദീപിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: