തിരുവനന്തപുരം: സമൂഹവ്യാപന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആറ്റുകാല്‍, മണക്കാട്, ചിറമുക്ക് തുടങ്ങിയവയുടെ സമീപ മേഖലയില്‍ നഗരസഭാ ആരോഗ്യവിഭാഗവും പോലീസും പരിശോധന കര്‍ശനമാക്കി. വ്യാപാര കേന്ദ്രങ്ങളിലും ചന്തകളിലും ആള്‍ക്കൂട്ടം തടയുന്നതിനായി നഗരസഭാ ആരോഗ്യവിഭാഗം കര്‍ശന പരിശോധനയാണ് നടത്തുന്നത്. അതുപോലെ തന്നെ മാസ്ക് കൃത്യമായി ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.
നെടുങ്കാട്, കാലടി, കരമന വാര്‍ഡുകളിലും പ്രത്യേകം ശ്രദ്ധയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതും ആള്‍ക്കൂട്ടം ഉണ്ടാകുന്നതുമായ വ്യാപാര കേന്ദ്രങ്ങള്‍ അടപ്പിക്കാനും പിഴ ചുമത്താനുമാണ് നഗരസഭയുടെ തീരുമാനം. പല ചന്തകളിലും സാമൂഹ്യ അകലം ഇപ്പോഴും പാലിക്കുന്നില്ല. പോലീസ് എത്തുമ്പോള്‍ മാത്രമാണ് ഇവ കര്‍ശനമായി നടപ്പാവുന്നത്.
നേരത്തെ കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളിലേക്ക് നേമം, മേലാങ്കോട്, പാപ്പനംകോട് വാര്‍ഡുകളുടെ അതിര്‍ത്തിവഴി കടന്നുപോകുന്നതിന് നിരവധി വഴികളുണ്ട്. നേമം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലതാകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപക്, ശ്രീജ, അനില എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: