പേട്ട: മദ്യലഹരിയില്‍ വെട്ടുകത്തിയുമായി നടുറോഡില്‍ ഭീതിപരത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മലയിന്‍കീഴ് സ്വദേശി അനില്‍കുമാര്‍ (45) നെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 7മണിയോടെ ചാക്ക റെയില്‍വേ പാലത്തിന് സമീപം ആറ്റുവരമ്പ് റോഡിലാണ് സംഭവം.
വാടകയ്ക്ക് കഴിയുന്ന ഇയ്യാള് മദ്യലഹരിയില്‍ വെട്ടുകത്തിയുമായി റോഡിലിറങ്ങി വഴിയാത്രക്കാരായ കാല്‍നടക്കാരെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ തുനിയുകയായിരുന്നു. പലരും ഓടി മാറിയതുകൊണ്ട് അപകടത്തില്‍ നിന്നും ഒഴിവായി. സംഭവമറിഞ്ഞ് കോറോണ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെത്തി ഇയ്യാളില്‍ നിന്ന് വെട്ടുകത്തി പിടിച്ചുവാങ്ങി. മദ്യ ലഹരിലഹരിയിലാതു കൊണ്ടും കൊറോണ രോഗ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും താക്കീത് നല്കി തിരികെ വീട്ടിലേയ്ക്കയച്ചു.
എന്നാല്‍ പോലീസ് പോയതും വീടിനുള്ളിലേയ്ക്ക് പോകാതെ അനില്‍കുമാര്‍ കമ്പിപ്പാരയുമെടുത്ത് വീണ്ടും വഴിയാത്രക്കാരെ ഉപദ്രവിപ്പിക്കാനായി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടയില്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ അനില്‍കുമാറിനെ പിടികൂടി. കൂടെ അപരിചിതയായ യുവതിയേയും ഇയ്യാള് താമസിക്കുന്ന വീടിനുള്ളില്‍ നിന്നും കണ്ടെത്തി. യുവതി കൊല്ലം സ്വദേശിയാണെന്നാണ് പറയുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നാട്ടുകാര്‍ തടിച്ച് കൂടിയത് കണ്ട് ഓടിയൊളിച്ചു. പേട്ട സിഐയുടെ നേതൃത്വത്തില്‍ പോലീസെത്തിയതോടെ നാട്ടുകാര്‍ ഇയ്യാളെ പോലീസിന് കൈമാറുകയായിരുന്നു. ഒരു മാസമായിട്ടാണ് അനില്‍കുമാര്‍ ഇവിടെ വാടകയ്ക്ക് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക