കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയിട്ടും വിവാദം അവസാനിപ്പിക്കാനാകാതെ സിപിഎം. ആറുമാസത്തേക്ക് സസ്പെന്റ് ചെയ്ത നടപടി കുറഞ്ഞുപോയെന്നും പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ സംരക്ഷിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് തുറന്നടിച്ചു. ”സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. ഇപ്പോഴത്തെ സസ്പെന്ഷന് നടപടി പോര. കൂടുതല്‍ കടുത്ത നടപടി വേണമായിരുന്നു. എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാന്‍ തയാറാക്കിയതാണ്. കരീമിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയുണ്ട്. രാഷ്ട്രീയ അടിസ്ഥാനത്തിലാണ് പണ്ട് വിഭാഗീയതയെങ്കില്‍ ഇപ്പോഴത് സാമ്പത്തികവും സ്ഥാനമോഹവുമാണ്. സ്ഥാനമുണ്ടെങ്കില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാം. അദ്ദേഹം തുറന്നുപറഞ്ഞു.
കളമശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീറിനെതിരെ ആരോപണങ്ങളുടെ പെരുമഴയുണ്ടായപ്പോഴും പാര്‍ട്ടി നടപടിയെടുക്കാതെ സംരക്ഷിക്കുകയായിരുന്നു. സക്കീറിന് കവചമൊരുക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ ലക്ഷ്യമിട്ടാണ് ലോറന്‍സ് രംഗത്തുവന്നത്. സക്കീറിന്റെ അഴിമതികളില്‍ രാജീവിനും പങ്കുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം.
രാജീവിന്റെ വീടുള്‍പ്പെടെ സംബന്ധിച്ച വിഷയങ്ങള്‍ അഴിമതിയായി പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെയും സക്കീറിന്റെ ഇടപെടല്‍ നേരത്തെ വിവാദമായിരുന്നു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പണം വാങ്ങി താല്‍ക്കാലിക നിയമനം നടത്തിയെന്ന പരാതിയും പാര്‍ട്ടിക്ക് മുന്നിലെത്തി. സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ രക്ഷിച്ചതെന്ന് പറയുന്നതിലൂടെ രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഴിമതിപ്പണം വീതിച്ചെടുത്തുവെന്ന വ്യക്തമാക്കുകയാണ് ലോറന്‍സ്.
നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എളമരം കരീമിനെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. രാജീവിന്റെ ഇടപടെലിനെ തുടര്‍ന്ന് സക്കീറിനെ കുറ്റവിമുക്തനാക്കിയാണ് എളമരം റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ക്കഴിഞ്ഞിരുന്ന സക്കീര്‍ തുടര്‍ന്ന് നിഷ്പ്രയാസം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പല്‍ സക്കീറിനെതിരെ പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പുമായി വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീര്‍ ഹുസൈന് എല്ലാ കാര്യങ്ങളും അറിയാമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സക്കീര്‍ എസ്ഐയെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.
നിരന്തരം ആരോപണം നേരിട്ടിട്ടും സക്കീറിനെതിരെ നടപടിയില്ലാത്തത് ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാനും ഇവര്‍ തീരുമാനിച്ചു. ഇതോടെയാണ് സസ്പെന്ഷന് നടപടിയിലൂടെ മുഖം രക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ നടപടി പോരെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം അവസാനിപ്പിക്കാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ പിഴക്കുകയാണെന്നാണ് ലോറന്‍സിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: