വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് അമേരിക്ക. അതേസമയം, കേസിലെ മറ്റൊരു പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്നും അമേരിക്ക വ്യക്തമാക്കി. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവേ യുഎസ് കോടതിയില്‍ യുഎസ് സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനിയായ ഹെഡ്ലി യുഎസ് പൗരനാണ്. പാക്കിസ്ഥാനിയായ കനേഡിയന്‍ പൗരനാണ് 59 വയസുള്ള തഹാവൂര്‍ റാണ.
ഇരുവരും കുട്ടിക്കാലം മുതല്ക്കേ സുഹൃത്തുക്കളാണ്. 2008ല്‍, 166 പേരുടെ ജീവനെടുത്ത മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതികളാണ് ഇരുവരും. അന്ന് കൊല്ലപ്പെട്ടവരില്‍ ഏഴ് അമേരിക്കക്കാരുമുണ്ട്.
2006നും 2008 നവംബറിനും ഇടയ്ക്ക് ഹെഡ്ലിയും റാണയും ലഷ്ക്കര്‍ ഇ തൊയ്ബ, ഹര്‍ക്കത്തുള്‍ ജിഹാദ് ഇ ഇസ്ലാമി എന്നീ ഭീകരസംഘടനകളുമായി ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ട് നടപ്പാക്കിയെന്നാണ് കേസ്. അമേരിക്കയിലും ഇതില്‍ കേസുണ്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ കൈമാറിയ ഹെഡ്ലിയെ മാപ്പു സാക്ഷിയാക്കിയിരുന്നു. അമേരിക്കയില്‍ 35 വര്‍ഷം തടവ് അനുഭവിച്ചുവരികയാണ് ഇയാള്‍. റാണയെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഉടന്‍ ഹര്‍ജി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: