കൊട്ടിയം: ബന്ധുക്കള്‍ വീല്‍ചെയറില്‍ വഴിയില്‍ ഉപേക്ഷിച്ച വൃദ്ധന് പാലിയേറ്റീവ് നഴ്സും നാട്ടുകാരും തുണയായി. പ്രമേഹം മൂലം ഒരുകാല് മുറിച്ചുമാറ്റിയ വൃദ്ധനെയാണ് വഴിയരികിലെ പീടിക തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
മുഖത്തല കിഴവൂര്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിന് സമീപം മകന്റെ കുടുംബത്തൊടൊപ്പം വാടകവീട്ടില്‍ താമസിച്ചിരുന്ന പറക്കുളം സൂര്യാഭവനില്‍ ഗോവിന്ദ(86)നെയാണ് ശനിയാഴ്ച രാവിലെ മൈലാപ്പുര് പുതുച്ചിറയ്ക്കടുത്ത് ഒരു കടവരാന്തയില്‍ വീല്‍ചെയറില്‍ ഉപേക്ഷിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തൃക്കോവില്‍വട്ടത്തെ പാലിയേറ്റീവ് നഴ്സ് ഖുറൈശി ഇയാളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും പഞ്ചായത്തംഗം വസന്താബാലചന്ദ്രനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മകന്റെ രണ്ടാം ഭാര്യ മകനെയും ഇയാളെയും വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നറിഞ്ഞത്.
ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ സൗകര്യക്കുറവുണ്ടെന്നും രോഗബാധിതയായ തനിക്ക് വൃദ്ധനായ ഗോവിന്ദനെ നോക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതിനാലാണ് അയാളെയും ഇറക്കി വിട്ടതെന്ന് മരുമകള്‍ ഗിരിജ പറയുന്നു. തങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നുകാട്ടി ഗോവിന്ദന് കൊട്ടിയം പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
അനാഥ, അഗതിമന്ദിരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ കോവിഡ് കാലമായതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ഖുറൈശിയും പുതുച്ചിറ വിജ്ഞാനോദയം ലൈബ്രറി പ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ച് പേരയം വായനശാലയ്ക്ക് സമീപം
വാടകയ്ക്ക് ഒരു വീടെടുത്ത് ഗോവിന്ദനെയും മകനെയും അവിടേക്ക് മാറ്റി. വിവരമറിഞ്ഞ കൊട്ടിയം പോലീസ് ഇയാളെ ഇറക്കിവിട്ടെന്നു പറയുന്ന മരുമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: