പുനലൂര്‍: റോഡിനു നടുവില്‍ അപകടഭീഷണി ഉയര്‍ത്തി വൈദ്യുത പോസ്റ്റുകള്‍. മലയോര ഹൈവേ ദേശീയപാതയുമായി സംഗമിക്കുന്ന പുനലൂരിലാണ് അപകടഭീഷണി ഉയര്‍ത്തി റോഡിനു നടുവില്‍ വൈദ്യുത പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്നത്.
മലയോര ഹൈവെയുമായി ബന്ധപ്പെട്ട് പുനലൂരില്‍ റോഡ് വികസനം സമ്മാനിക്കുന്നത് വലിയ നേട്ടങ്ങളായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വിഘാതമായാണ് റോഡ് നിര്‍മിച്ചുവന്നപ്പോള്‍ നടുവില്‍ തന്നെ അപകടസ്ഥിതിയില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍ വന്നത്.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് താഴ്ചയില്‍ ചെറിയ വണ്‍വേ റോഡുണ്ടായിരുന്നു. മലയോര ഹൈവേ വന്നപ്പോള്‍ വണ്‍വേ റോഡുയര്‍ത്തി ദേശീയപാതയുമായി ഒന്നിപ്പിച്ചു. ഇവിടുത്തെ ടാക്സി സ്റ്റാന്‍ഡും ഒഴിവാക്കി. പാതയോരത്തെ തണല്‍മരങ്ങള്‍ മുറിച്ചു മാറ്റി.
അഞ്ചല്‍-പുനലൂര്‍ റോഡിന്റെ വശത്തുണ്ടായിരുന വൈദ്യുത പോസ്റ്റുകള്‍ സമീപത്തേക്ക് മാറ്റി. എന്നാല്‍ ട്രാഫിക്ക് ഐലന്റ് സ്ഥാപിച്ച് ചെറിയപൂന്തോട്ടമൊരുക്കി മനോഹരമാക്കേണ്ടയിടത്ത് വൈദ്യുത പോസ്റ്റുകളുടെ കൂട്ടമാണ്. അടുത്ത് മിനി മാസ്റ്റ് ലൈറ്റുമുണ്ട്. ഇവയെല്ലാം ഭാവിയില്‍ വിവിധ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഇടമായി മാറിയേക്കും.
റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്തുള്ള പോസ്റ്റുകള്‍ അഭംഗിയാണ്. ദേശീയ പാതയില്‍ അമിതവേഗത്തില്‍ പായുന്ന ചരക്കു വാഹനങ്ങളോ മറ്റു വാഹനങ്ങളോ വളവുള്ള ഭാഗത്തെ വൈദ്യുതപോസ്റ്റുകളിലേക്ക് ഇടിച്ചു കയറിയാല്‍ വലിയ അപകടമുണ്ടാകും. സുരക്ഷിതമായ സ്ഥലത്തേക്ക് ഈ പോസ്റ്റുകള്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു നവീകരിച്ച റോഡ് വലിയ ചരിവായതിനാല്‍ ഇവിടവും അപകടാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: