കരുനാഗപ്പള്ളി: വിദേശത്തുനിന്നും മടങ്ങി എത്തുന്ന പ്രവാസികളെ നിര്‍ബന്ധപൂര്‍വം പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായി പരാതി. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായാണ് ആക്ഷേപം.
വിദേശത്തു നിന്നും മടങ്ങി എത്തുന്ന പ്രവാസികള്‍ ഏഴുദിവസം സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും തുടര്‍ന്നുള്ള ഏഴു ദിവസം വീടുകളിലും ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സാമ്പത്തികമായി കഴിവുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഹോട്ടലുകളിലോ ലോഡ്ജുകളിലോ പണമടച്ച് ക്വാറന്റൈനില്‍ കഴിയാനും അല്ലാതുളളവര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തിയ ഇടങ്ങളില്‍ സൗജന്യമായി കഴിയാനുമുള്ള സൗകര്യം ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ നാട്ടിലെത്തുന്ന എല്ലാ പ്രവാസികളെയും പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായാണ് പരാതി ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജില്ലയിലുള്ള പ്രവാസികളില്‍ ചിലരെ കരുനാഗപ്പള്ളിയിലെത്തിച്ചിരുന്നു. ഫ്രീ ക്വാറന്റൈന്‍ എന്ന് വിമാനത്താവളത്തില്‍ വച്ച് പറഞ്ഞ് ഇവരെ കരുനാഗപ്പള്ളിയിലെത്തിച്ചപ്പോള്‍ സ്വകാര്യലോഡ്ജില്‍ താമസ സൗകര്യമൊരുക്കിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
500 രൂപ റൂമിന്റെ വാടകയും ആഹാരത്തിനുള്ള പണവും നല്‍കണമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചെന്ന് പ്രവാസികള്‍ പറയുന്നു. കഴിഞ്ഞ മൂന്നു മാസം ജോലി ഇല്ലാതെ റൂമില്‍ കഴിഞ്ഞ ഇവര്‍ മറ്റുള്ളവരുടെ സഹായത്താല്‍ നാട്ടിലെത്തിയപ്പോള്‍ ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ട സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നതായാണ് ഇവരുടെ പരാതി. മാത്രമല്ല വിദേശത്തു നിന്നെത്തിയ ഇവരുടെ സ്രവ പരിശോധന നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: