മക്കളേ,
യഥാര്‍ത്ഥ ജീവിതസുഖം നമ്മുടെ ശരീരത്തെയോ ബാഹ്യവസ്തുക്കളെയോ ആശ്രയിച്ചല്ല, മനോജയത്തെ ആശ്രയിച്ചാണിരിക്കുന്നത്. മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ നമ്മള് ജീവിതത്തില്‍ വിജയം വരിച്ചുവെന്നു പറയാം.
നമുക്ക് ആസക്തിയുള്ള ഒരു വസ്തു അടുത്തു വച്ചുകൊണ്ട് അതിനെ അതിജീവിക്കാന്‍ വിഷമമാണ്. മദ്യപാനം ശീലമാക്കിയ ഒരാള്‍, നാളെ മുതല്‍ താന്‍ മദ്യം കുടിക്കില്ലെന്നു തീരുമാനമെടുക്കുന്നു. മദ്യക്കുപ്പി കിടക്കയുടെ തലപ്പത്ത് വച്ചിട്ടാണ് ഈ തീരുമാനമെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടനെ മനസ്സിലുദിക്കുന്ന ആദ്യത്തെ ചിന്ത ‘കുടിക്കണോ, വേണ്ടയോ’ എന്നായിരിക്കും. അതിനെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച് അറിയാതെ കൈ മദ്യക്കുപ്പിയിലേയ്ക്കു നീണ്ടു പോകും. മധുരം തിന്നു ശീലിച്ച ഒരാള്‍ ചോക്ളേറ്റു പോക്കറ്റിലിട്ടുകൊണ്ടു മധുരം കഴിക്കുന്നതു നിറുത്തണമെന്നു തീരുമാനിച്ചാലും അയാളറിയാതെ കൈ പോക്കറ്റിലേയ്ക്കു പോകും. നമ്മുടെ ശീലം സ്വഭാവമായി, ആ സ്വഭാവം നമ്മളെ തിന്നുകയാണ്.
മനസ്സ് നല്ലൊരു സേവകനാണ്. എന്നാല്‍ നല്ല യജമാനനല്ല. മനസ്സിനെ നമ്മുടെ യജമാനനാകാന്‍ അനുവദിക്കരുത്. നമ്മുടെ മനസ്സില്‍ ലോകവസ്തുക്കളോടുള്ള ആസക്തി കൂടുന്നതനുസരിച്ച് മനസ്സിന്റെമേലുള്ള നമ്മുടെ നിയന്ത്രണവും കുറഞ്ഞുകൊണ്ടിരിക്കും. മനസ്സ് നമ്മുടെ യജമാനനായിത്തീരുകയും ചെയ്യും.
കുട്ടികളെ കുതിരപ്പുറത്തുകയറ്റി ഓടിക്കുന്ന കേന്ദ്രത്തില്‍ ഒരു കുട്ടി ചെന്നു. മറ്റുള്ള കുട്ടികളെ കുതിരപ്പുറത്തു കയറ്റുന്നതും ഓടിക്കുന്നതുമെല്ലാം അവന് കുറേ നേരം ശ്രദ്ധിച്ചു. പിന്നെ നടത്തിപ്പുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ സൂത്രത്തില്‍ ഒരു കുതിരയുടെ പുറത്തു കയറി. കുതിര അവനെയും കൊണ്ട് നിയന്ത്രണമില്ലാതെ ഓടാന്‍ തുടങ്ങി. ഇതുകണ്ട അവന്റെ കൂട്ടുകാരന് അവനോടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു, ‘നീ എങ്ങോട്ടാണ് പാഞ്ഞു പോകുന്നത്?’ അപ്പോള്‍ അവന് പറഞ്ഞു. ‘എനിക്കു യാതൊരു പിടിയുമില്ല! കുതിരയോടു ചോദിക്കൂ.’
ഇതു നമ്മുടെയും കഥയാണ്. ഈ കഥയിലെ കുതിരയെപ്പോലെ മനസ്സ് നമ്മളെയുംകൊണ്ട് അതിവേഗം പായുകയാണ്. മനസ്സാകുന്ന കുതിര എവിടേയ്ക്കാണ് പാഞ്ഞുപോകുന്നതെന്ന് അതിനു മാത്രമേ അറിയൂ. അതിന്റെമേല്‍ നമുക്ക് അല്പംപോലും നിയന്ത്രണമില്ല എന്നതാണ് വാസ്തവം.
ഈ സ്ഥിതി മാറണം. മനസ്സിനെ നമ്മള് നമ്മുടെ പിടിയില്‍ ഒതുക്കേണ്ടതാണ്. പക്ഷെ, ഇന്നു നമ്മള് മനസ്സിന്റെ പിടിയില്‍ പെട്ടിരിക്കുകയാണു്. മനസ്സ് നമ്മുടെ കൈയിലെ ഒരു ഉപകരണമായിത്തീരണം. എന്നാല്‍ ഇന്നു മനസ്സ് നമ്മളെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ മനസ്സ് യജമാനനും നമ്മള് സേവകനുമായിരിക്കുന്നു. നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഇതാണ്.
മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യം പ്രതികൂലസാഹചര്യങ്ങളില്‍ നിന്നും മാറിനിന്ന് മനസ്സിനെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ പ്രയത്നിക്കണം. ഡ്രൈവിംഗ് പഠിച്ചു തുടങ്ങുന്ന ഒരാള്‍ ആദ്യം ഒരു മൈതാനത്തില്‍ വണ്ടി ഓടിച്ചു പഠിക്കും. പരിചയമായിക്കഴിഞ്ഞാല്‍
പിന്നെ ഹൈവേയിലും വണ്ടി ഓടിക്കാം. നല്ല പരിചയമാകുന്നതിനു മുമ്പ് ഓടിച്ചാല്‍ അപകടം സംഭവിക്കും. അതുപോലെ കുറച്ചുകാലം ഏകാന്തമായി മനസ്സിനെ നിയന്ത്രിച്ചു പരിശീലിച്ചാല്‍ പിന്നീട് ഏതു സാഹചര്യത്തിലും നമുക്കു മനസ്സിനെ കുറെയൊക്കെ നിയന്ത്രിക്കുവാന്‍ കഴിയും. മനസ്സിന്റെ മേലുള്ള വിജയമാണു യഥാര്‍ത്ഥ വിജയം. അതു തന്നെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: