ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം പ്രവര്‍ത്തനം കഴിഞ്ഞ് അടച്ചിട്ട തട്ടുകടയില്‍ പാചകവാതക സിലിണ്ടര്‍ ലീക്കായത് പരിഭ്രാന്തി പരത്തി. കടയ്ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ മലബാര്‍ തട്ടുകടയിലെ പാചകവാതക സിലിണ്ടറില്‍ നിന്നും ശക്തിയായ എല്‍പിജി പുറത്തേക്ക് നല്ല ശബ്ദത്തോടെ പുറത്തേക്കുവന്നത് വെളുപ്പിന് 1.30 ന് പത്രക്കെട്ടുകള്‍ എടുക്കാന്‍ വന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ആറ്റിങ്ങല്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സജിത് ലാല്‍ എസ്.ഡി. യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസറായ ഷിജാം, ഫയര്‍ ഓഫീസര്‍മാരായ ശ്രീരൂപ്, സജീം സജി എസ്. നായര്‍, അഷറഫ് എന്നിവര്‍ കടയുടെ പൂട്ട് ഷിയേഴ്സ് ഉപയോഗിച്ച് മുറിച്ചുമാറ്റുകയും എംറ്റിയുവില് നിന്നും വെള്ളം സ്പ്രേ ചെയ്തു കൊണ്ട് അകത്തു കയറി സിലിണ്ടര്‍ പുറത്തെടുക്കുകയുമായിരുന്നു.
പരിശോധനയില്‍ സിലണ്ടര്‍ കാലപ്പഴക്കം വന്നതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സിലിണ്ടറില്‍ ചെറിയ ദ്വാരം വീണ് ഗ്യാസ് പുറത്തേക്ക് വമിക്കുകയുമായിരുന്നുവെന്നും കണ്ടെത്തി. കടയിലെ റഗുലേറ്ററുകള്‍ എല്ലാം തുറന്ന അവസ്ഥയിലുമായിരുന്നു. പത്രവിതരണക്കാര്‍ കണ്ട് അഗ്നിശമനസേനയെ അറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചു. കടയ്ക്കാവൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: