കൊല്ലം: സ്വകാര്യ ക്ലിനിക്കുകളിലൂടെയും സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാകുന്ന പഞ്ചകര്‍മ ഉള്‍പ്പെടെയുള്ള ആയുര്‍വേദ ചികിത്സാക്രമങ്ങള്‍ നിഷേധിക്കരുതെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍. ആശുപത്രികളിലെ കിടത്തിച്ചികിത്സകളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവില്‍ രോഗികളുടെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ചികിത്സകള്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇത്തരം ഉത്തരവുകള്‍ ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തും.
ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്നു മാസത്തിലേറേയായി പ്രാരാബ്ദത്തിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആയുര്‍വേദ ആശുപത്രികളിലെ പഞ്ചകര്‍മചികിത്സ നിര്‍ത്തലാക്കിയതോടെ രോഗികളുടെ തുടര്‍ചികിത്സ മുടങ്ങി. രോഗിയുമായി നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടി വരുന്നതിനാലാണ് പഞ്ചകര്‍മചികിത്സ ഒഴിവാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മരുന്നുകളും തൈലങ്ങളും നല്കുന്നതല്ലാതെ തിരുമ്മല്‍, കിഴി, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ ആശുപത്രിയില്‍ നല്‍കുന്നില്ല.
ഗ്ലൗസുപയോഗിച്ച് രോഗികള്‍ക്ക് ചികിത്സ നല്കാന് കഴിയാത്തതുകൊണ്ടാണ് പഞ്ചകര്‍മചികിത്സ പൂര്‍ണമായും നല്‍കാത്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. വാതരോഗമുള്ളവര്‍, പക്ഷാഘാത ചികിത്സയിലുള്ളവര്‍, തളര്‍ന്നുപോയവര്‍ തുടങ്ങിയവര്‍ പഞ്ചകര്മചികിത്സയെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
സ്വകാര്യ-ഗവ. ആശുപത്രികളില്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന നിരവധിപ്പേര്‍ നിരാശരായി മടങ്ങുകയാണ്. നിലവില്‍ ചികിത്സയിലിരുന്നവരുടെ തുടര്‍ചികിത്സയും മുടങ്ങി. തെര്‍മല്‍ സ്കാനിംഗടക്കമുള്ള പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം പഞ്ചകര്‍മ ചികിത്സ ലഭ്യമാക്കണമെന്നാണ് രോഗികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: