ഇന്ദിരാഗാന്ധി എന്ന സ്വേച്ഛാധിപതിയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള സര്‍വ്വ അധികാരങ്ങളും ഇല്ലാതാക്കിയ വിധിയാണ് 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി പ്രസ്താവിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് നിരുപാധിക സ്റ്റേ ലഭിക്കാത്തത്, നിലവിലുള്ള നിയമ വ്യവസ്ഥയില്‍ കുറ്റവാളിയാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതായി. എങ്കിലും ഉപാധികളോടെ ചില ഇളവുകള്‍ ലഭിച്ചു. 1975 ജൂണ്‍ 25 ന് അര്‍ധ രാത്രിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പെട്ടന്നുള്ള പ്രകോപനമായി ഇതിനെ കാണാമെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റു പലതുമാണെന്ന് പിന്നീട് തെളിവുകള്‍ വന്നു.
യുവ പത്രപ്രവര്‍ത്തകയായിരുന്ന കൂമി കപൂര്‍ 40 വര്‍ഷത്തെ അനുഭവങ്ങളും, ഗഹനപഠനങ്ങളും, കണ്ടെത്തലുകളും, വിശകലനങ്ങളും ചേര്‍ത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച,’എമര്‍ജന്‍സി, എ പേഴ്സണല്‍ ഹിസ്റ്ററി’- എന്ന പുസ്തകത്തില്‍ അതിന്റെ വിവരണങ്ങളുണ്ട്.
ഇന്ദിരയുടെ നിഗൂഢപദ്ധതികളുടെ തലയും തണലുമായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേയില്‍ നിന്ന് ലഭിച്ച രേഖ അനുസരിച്ച് 1975 ജനുവരി എട്ടിനുതന്നെ, അറസ്റ്റു ചെയ്യേണ്ടവരുടെ ലിസ്റ്റുള്‍പ്പെടെ നടപ്പിലാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയാറായിരുന്നു. ആ ജനുവരി 30-ന് ദല്‍ഹിയില്‍ നിന്നിറങ്ങിയിരുന്ന-ജൂണ്‍ 26 ന് അവസാനത്തെ പത്രം ഇറക്കിയ-മദര്‍ലാന്‍ഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഒന്നാം പേജില്‍ ഒരു ലേഖനം വന്നു. പ്രസിദ്ധ ജ്യോതിഷിയും ജനസംഘം എം.പി.യുമായിരുന്ന വസന്തകുമാര്‍ പണ്ഡിറ്റിന്റേതായ ഒരു ജ്യോതിഷ പ്രവചനമായിരുന്നു അത്. ഇന്ത്യയില്‍ വൈകാതെ അടിയന്തരാവസ്ഥ നിലവില്‍ വരുമെന്നും, പ്രതിപക്ഷത്തെ ഒന്നടങ്കം തുറുങ്കിലടയ്ക്കുമെന്നും, പൗരാവകാശങ്ങളും മൗലികാവകാശങ്ങളും ഇല്ലാതാകുമെന്നും, പത്ര, വാര്‍ത്താ മാരണ നിയമം നടപ്പിലാക്കുമെന്നുമെല്ലാം അതില്‍ വ്യക്തമാക്കിയിരുന്നു. ഇതൊരു ജ്യോതിഷ പ്രവചനമായിക്കാണാന് കഴിയാതിരുന്ന, യാഥാര്‍ത്ഥ്യം അറിയാമായിരുന്ന വിരലിലെണ്ണാവുന്ന ചിലര്‍, എല്ലാ മാര്‍ഗത്തിലും ഇതിന്റെ ഉറവിടം തേടാന്‍ ശ്രമിച്ചെങ്കിലും ജ്യോതിഷ പ്രവചനമായി സ്ഥിരീകരിച്ചു മടങ്ങേണ്ടി വന്നു. ആറു മാസത്തിനു ശേഷം അതില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ വളളിപുള്ളി വിടാതെ ജൂണ്‍ 25ന് അര്‍ദ്ധരാത്രി നടപ്പിലാക്കി. ഇന്ദിരയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തപ്പോള്‍ മദര്‍ ലാന്‍ഡ് എഡിറ്റര്‍ കെ.ആര്. മല്ക്കാനിയേയും വിട്ടില്ല. നേതാക്കളെ എല്ലാം രാത്രി തന്നെ റോഹ് തക് ജയിലിലേക്ക് കൊണ്ടുപോയി, മല്‍ക്കാനിയെ മാത്രം ഹരിയാനയിലെ ഒരു കേന്ദ്രത്തില്‍ ആക്കി. ജ്യോതിഷ പ്രവചനത്തിന്റെ ഉറവിടം കണ്ടെത്താനായി മൂന്നുദിവസം നിരന്തരം ചോദ്യം ചെയ്തു. അദ്ദേഹം ജ്യോതിഷത്തില്ത്തന്നെ ഉറച്ചു നിന്നു.
- ദുരൂഹ മരണങ്ങള്
1967 ഒക്ടോ.12-ന് ദല്‍ഹിയിലെ വെല്ലിങ്ടന്‍ ആശുപത്രിയില്‍ ( ഇന്നത് റാംമനോഹര്‍ ലോഹ്യ ആശുപത്രി ) , ഇന്ത്യ കണ്ട ഏറ്റവും നല്ലൊരു പാര്‍ലമെന്റേറിയനും, ചിന്തകനും, സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഡോ. റാം മനോഹര്‍ ലോഹ്യ 59-ാം വയസില്‍ മരിച്ചത് മാരകമായ അസുഖമൊന്നും കൊണ്ടായിരുന്നില്ല. നാലു മാസം കഴിഞ്ഞില്ല,1968 ഫെബ്രുവരി 11-ന്, മുഗള്‍ സരായ് റെയില്‍വേ ട്രാക്കില്‍ ഭാരതത്തിന്റെ മുഖച്ഛായ മാറ്റാന്‍ കെല്പുള്ള, ഭാരതത്തിന്റെ സ്വത്വബോധം ഉണര്‍ത്തി വിട്ട, തനതായ ഒരാശയ സംഹിതയുടെ ഉപജ്ഞാതാവ്, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ കൊല്ലപ്പെട്ടു കിടന്നു. അപ്പോഴും നാം നിസ്സംഗരായി നിന്നു.
1971 ല്‍ ഇന്ദിരയുടെ നിര്‍ദ്ദേശമനുസരിച്ച് 60 ലക്ഷം രൂപ ബാങ്കില്‍ നിന്നെടുത്ത നഗര്‍വാല, ജയിലില്‍ ആയിരിക്കെ കൊല്ലപ്പെട്ടു. ആ കേസന്വേഷിച്ച പോലീസ് സൂപ്രണ്ട് പി.കെ. കശ്യപിനെ കശാപ്പ് ചെയ്തത് ചില തെളിവുകള്‍ നശിപ്പിക്കാനായിരുന്നു. ഇക്കാര്യങ്ങള്‍ അറിയാവുന്ന, ചില രേഖകള്‍ സൂക്ഷിച്ചിരുന്ന നഗര്‍വാലയുടെ 78 വയസായ ബന്ധു ഹൈദരാബാദില്‍ കൊല്ലപ്പെട്ടതും മറ്റും രാജേന്ദ്ര പുരിയുടെ ‘ഇന്ത്യ, ദി വേസ്റ്റഡ് ഇയേഴ്സ്’- എന്ന പുസ്തകത്തിലുണ്ട്.അടിന്തിരാവസ്ഥാ ഉത്തരവില്‍ ഒപ്പിട്ടത് തെറ്റായിപ്പോയി, തെറ്റിദ്ധരിപ്പിച്ചിട്ടാണ് എന്ന് എവിടയോ പറഞ്ഞ അന്നത്തെ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് മലേഷ്യയില്‍ നിന്ന് മടങ്ങി വന്നതിന്റെ അടുത്ത ദിവസം (1977 ഫെ.11) മരിച്ചതും ഒരു സ്വാഭാവിക മരണമാക്കി. ഇത്രയൊക്കെ പരിശ്രമിച്ച് കൈക്കലാക്കിയ പരമാധികാരം ഒരു കോടതിക്ക് തട്ടിക്കളയാനുള്ളതാണോ. അല്ലേ അല്ല. അങ്ങനെയാണ് ഇന്ദിരയുടെ അടിയന്തരം തുടങ്ങിയത്.
കേരളത്തിലേക്ക്
വരുന്നു ഞങ്ങള്‍ ഭാരത നാട്ടിന്
ഉണര്‍ന്ന യുവജന ശക്തിയിതാ
സ്വജന്മനാടിനെ സ്വേച്ഛാ ഭരണ-
ത്തുറുങ്കില് നിന്നും രക്ഷിക്കാന്‍…
1975 നവം 14. ന് കേരളം മുഴുവന്‍ അലയടിച്ച സമരകാഹള ധ്വനിയായിരുന്നു ഇത്. തകര്‍ത്തു തരിപ്പണമാക്കുമെന്ന് ആക്രോശിച്ച കാക്കിയണിഞ്ഞ ചെന്നായ്ക്കളെ അക്ഷരാര്‍ത്ഥത്തില്‍ അസ്ത പ്രജ്ഞരാക്കിയ നിമിഷങ്ങള്‍. ആ പകയുടെ തിളപ്പ് അവര്‍ സത്യഗ്രഹികള്‍ക്കു നേരേ കോരിയൊഴിച്ചു. ഭാരതമാകമാനം നിയതമായി തയാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് ഒരേ ദിവസം നടപ്പാക്കിയ പരിപാടി ആസൂത്രണ വൈദഗ്ദ്ധ്യത്തിന്റെ തികവായിരുന്നു. സത്യഗ്രഹ വാര്‍ത്ത, വറചട്ടിയില്‍ കിടന്ന ഏകാധിപതിയെ എരിതീയിലേക്ക് വലിച്ചെറിഞ്ഞു. ഭരണയന്ത്രം ശരിക്കും ഞെട്ടിവിറച്ചു. അതുമറികടക്കാന്‍, മനുഷ്യത്വം മരവിച്ച പൈശാചികമായ എല്ലാ മര്‍ദ്ദനമുറകളും പ്രയോഗിച്ചു.
- കണ്ണൂരില്‍ സംഭവിച്ചത്
10 മണിയോടെ അവകാശപത്രിക വിതരണവും പ്രകടനവും തുടങ്ങി. ജനം ശ്രദ്ധിക്കാന്‍ തുടങ്ങി. മുനീശ്വരന്‍ കോവിലിനു മുന്നില്‍- മൂന്നു വഴിക്കും പോലീസ് വാഹനമെത്തി. ആദ്യം വിരട്ടി ഓടിക്കാന്‍ നോക്കി. സത്യഗ്രഹികള്‍ ഒരുമിച്ചു കൂടി. അവരെ പോലീസ് വലയത്തിലാക്കി ഭീകര മര്‍ദ്ദനവും തുടങ്ങി. തലയ്ക്കാണ് അടിയെല്ലാം. തല പൊട്ടി ചോര ഒഴുകാന്‍ തുടങ്ങി. എല്ലാവരും കൈള്‍ കോര്‍ത്ത് റോഡില്‍ കിടന്നു. ഭാരത മാതാവിന് ജയ് വിളിക്കുന്ന ആ ധര്‍മ്മഭടന്മാരെ സങ്കല്പിക്കാന് കഴിയാത്ത വിധത്തില്‍ ആ വേട്ടമൃഗങ്ങള്‍ തല്ലിച്ചതച്ച് ചവിട്ടി അരച്ചു. അപ്പോഴേക്കും കൂടുതല്‍ ക്രൂരന്മാരെത്തി. പുലിക്കോടന് നാരായണനെന്ന മനുഷ്യരൂപമുള്ള, കാക്കിയില്‍ പൊതിഞ്ഞ, പച്ച മനുഷ്യമാംസം തിന്ന് അതിന് ഉപ്പ് രസമാണെന്ന് അനുഭവം പറഞ്ഞ ഉഗാണ്ടയിലെ ഈദി അമീനെ മറികടക്കുന്ന ഒരു ഹിംസ്ര ജീവി, അവിടെ അവതരിച്ചു. വലിയ ഷൂസിട്ട കാലു കൊണ്ട് ഈ രാക്ഷസന് ചവിട്ടിമെതിക്കുന്നു. മറ്റൊരുത്തന്റെ ലാത്തി വാങ്ങി വീണ്ടും തല അടിച്ചു പൊട്ടിക്കുന്നു. ഭാരത മാതാ ജയഘോഷം നേര്‍ത്തുനേര്‍ത്തില്ലാതായി എല്ലാവരുടേയും ബോധം നശിച്ചു. ഇത് കണ്ട ചില സ്ത്രീകള്‍ നിലവിളിച്ചു. ചില ചെന്നായ്ക്കള്‍ അവരുടെ നേരേ പാഞ്ഞടുത്തു. ഒരു സ്ത്രീ ബോധംകെട്ടു വീഴുന്നതും കണ്ടു. പുലിക്കോടന് എന്ന മൃഗം അപ്പോഴും പേക്കൂത്ത് തുടര്‍ന്നു കൊണ്ടേയിരുന്നു. ക്ഷീണിച്ച കുറെ പേപ്പട്ടികള്‍ കണ്ടു നിന്നവരെ വിരട്ടി ഓടിച്ചു. ട്രാഫിക് പോസ്റ്റിന്ന് മുകളില്‍ സ്റ്റോപ് ബോര്‍ഡും പിടിച്ചു നിന്ന ഒരു ജന്തുവിന് ആവേശം കൂടി ചാടിവന്ന് ബോധമറ്റു കിടന്നവരെ വലിയ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. ചവിട്ടേല്‍ക്കുമ്പോള്‍ അവരുടെ തല ഒന്നുയരും, വീണ്ടും നിലംപൊത്തും. കഴുകന്മാര് പോലും ജീവന് വെടിഞ്ഞതിനേയേ കൊത്തിവലിക്കൂ എന്ന് കേട്ടിട്ടുണ്ട് . ഏകദേശം 10 മിനിട്ട് സമയം അവിടെ കണ്ട പൈശാചികത 45 വര്‍ഷങ്ങള്‍ക്കു ശേഷവും നടുക്കുന്ന ഓര്‍മ്മകളാണ്…. അവരെ വണ്ടിയില്‍ പോലീസ് മൈതാനിയില്‍ കൊണ്ടിട്ട് വീണ്ടും തല്ലി, ഉപേക്ഷിച്ചു പോയി. ഒരു വക്കീലും ചില ഡ്രൈവര്‍മാരും ആണ് അവരെ ആശുപത്രിയിലെത്തിച്ചത്.
മര്‍ദ്ദനമേറ്റപ്പോള്‍ ചോര്‍ന്ന വിപ്ലവാവേശവും ‘ഇരട്ട ചങ്കന്റെ’ കാലുപിടിത്തവും
ചിലര്‍ ഇരട്ടച്ചങ്കന് എന്ന് വീരത്വം വിശേഷിപ്പിക്കുന്ന സഖാവ് വിജയനെ പിണറായിയില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി തല്ലിച്ചതച്ച് കാല് തല്ലിയൊടിച്ചു. ഈ വാര്‍ത്തയറിഞ്ഞതോടെയാണ് ആ പ്രസ്ഥാനത്തിന്റെ വിപ്ലവാവേശം മുഴുവനും ചോര്‍ന്നതും ‘വായടയ്ക്കൂ, പണിയെടുക്കൂ’ എന്ന ഇന്ദിരാ വചനം വഴികാട്ടിയായി അവര്‍ സ്വീകരിച്ചതും. കണ്ണൂര്‍ ജയിലില്‍ കഴിയവേ കരുണാകരന്റെ കാല് പിടിച്ച് പരോള്‍ സംഘടിപ്പിക്കാനും വിപ്ലവകാരിയായ ആ സഖാവിന് ഒരു വിഷമവും തോന്നിയില്ല. ആഭ്യന്തര മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നറിഞ്ഞപ്പോള്‍ ഉളുപ്പില്ലായ്മയുടെ നയം പ്രയോഗിച്ചു. വിജയന് പരോള്‍ കിട്ടി. (ഇവിടെ മറ്റൊരു ചിത്രം. വന്ദ്യവയോധികനായ മൊറാര്‍ജി ദേശായി അടിയന്തരാവസ്ഥാ തടവിലായിരിക്കെ ധര്മപത്നി മരണാസന്നയായി എന്നറിഞ്ഞു. പരോളിനുള്ള അപേക്ഷാ പത്രവുമായി ഉദ്യോഗസ്ഥര്‍ (ഇന്ദിരയുടെ നിര്‍ദ്ദേശപ്രകാരം) ഒപ്പിടാന്‍ വേണ്ടി മൊറാര്‍ജിയെ സമീപിച്ചു. ഇന്ദിരയോട് യാചിച്ച് എനിക്ക് പുറത്ത് പോകേണ്ടെന്നും എന്നെ കാണാതെ ശരീരം ഉപേക്ഷിക്കണം എന്നാണ് ഭാര്യയുടെ വിധിയെങ്കില്‍ അതങ്ങനെയാകട്ടെ. എന്നുമായിരുന്നു നിലപാട്!)
നുണ പറച്ചിലും ഉളുപ്പില്ലായ്മയും സ്വന്തം ശക്തിയായി അഭിമാനിക്കുന്ന സഖാക്കളുടെ പ്രസ്ഥാനത്തില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍? കേരളത്തില്‍ അറസ്റ്റിലായ 5600-ല്‍ അധികം സമരഭടന്മാരില് 3800- പേര്‍ക്കും മോചനം കിട്ടിയയുടനെ വിദഗ്ദ്ധ ചികിത്സ വേണ്ടി വന്നു. 45 വര്‍ഷത്തിന് ശേഷവും ഇന്നും അതു തുടരുന്നവരുണ്ട്. ‘ചത്ത ഗാന്ധിക്ക് ജയ് വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് ജയ് വിളിക്കെടാ …..ന്റെ മക്കളെ’- എന്ന് ആക്രോശിച്ച ചെറുപ്പക്കാരായ ഐപിഎസ് ഓഫീസര്‍മാരും ഉണ്ടായിരുന്നു.
സത്യഗ്രഹികള്‍ കൂടുതലും പങ്കെടുത്തത് കാസര്‍കോട് താലൂക്കില്‍ നിന്നാണ്. 49 ഗ്രാമങ്ങളില്‍ നിന്നായി 390 പേര് 18 സ്ഥലങ്ങളില്‍ അറസ്റ്റിലായി. നരാധമന്മാര്ക്ക് പേയിളകി. പൈവെളിക, കാനത്തൂര്‍ തുടങ്ങിയ ഗ്രാമങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ചുട്ടുകരിച്ചു. കുഞ്ഞണ്ണറായിയുടെ ചായക്കട തല്ലിപ്പൊളിച്ച്, കൊള്ളയടിച്ചു. അവിടെ നിന്ന് മണ്ണെണ്ണയെടുത്ത് കൃഷ്ണഭട്ടിന്റെ വസ്ത്രവ്യാപാരശാലയിലൊഴിച്ച് തീയിട്ടു. എഎസ്പി ആയ എം.ജി എ. രാമന്, എസ്ഐ കൊയിലാണ്ടി ബാലകൃഷ്ണനോടൊപ്പം കുമ്പള, അഡൂര്‍ സ്റ്റേഷനിലെ എസ്ഐമാരും ഈ ക്രൂരസംഘത്തിലുണ്ടായിരുന്നു. 30-ല്‍ പരം കാക്കിപൊതിഞ്ഞ മൃഗ സമാനരായ പോലീസുകാരുടെ കിരാത വേട്ട ആ പ്രദേശത്ത് അഞ്ചു മണിക്കൂറോളം നീണ്ടു. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ വരെ വലിച്ചെറിഞ്ഞു. ആ ഗ്രാമത്തിലെ ആദരണീയനുമായ ഗോപാലകൃഷ്ണ ഭട്ടിന്റെ വീടായിരുന്നു അത്. പൊട്ടിക്കാന്‍ കഴിയുന്നതെല്ലാം പെട്രോമാക്സ് ലൈറ്റു മുതല്‍ എല്ലാം നശിപ്പിച്ചു. ഭട്ടിനെ കിട്ടാത്ത രോഷം മുഴുവനും പത്തി വിടര്ത്തിച്ചീറ്റി. അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും നാലു സഹോദരിമാരും സഹോദരീ ഭര്‍ത്താവും കുട്ടികളും ആണവിടെ ഉണ്ടായിരുന്നത്. ആണുങ്ങളുടെ വസ്ത്രം പറിച്ചു കളഞ്ഞ് (അടിവസ്ത്രമൊഴിച്ച്) സ്ത്രീകളുടേയും കുട്ടികളുടേയും മുന്നിലിട്ട് നീചമായി തല്ലിച്ചതച്ചു. വിഷ്ണു എന്ന ഭിന്നശേഷിക്കാരനായ സഹോദരനെ ആ വേട്ടപ്പടികള് നിലത്തിട്ട് ചവിട്ടി. ‘ഭട്ട് ഉടനെ സ്റ്റേഷനില്‍ വന്നില്ലെങ്കില്‍ വീണ്ടും ഞങ്ങളിങ്ങോട്ടു വരും. എന്നാല്‍ പിന്നെ ഇതല്ല. ഒരെണ്ണത്തിനെ ബാക്കി വച്ചേക്കില്ല’ എന്നാക്രോശിച്ചു ആ കൊള്ളക്കൂട്ടം മടങ്ങിപ്പോയി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലും അതിക്രൂരമായ മര്‍ദ്ദനമുറകള്‍ തുടര്‍ന്നു. വി.പി. ദാസന്, വൈക്കം രവീന്ദ്രന്, രാമചന്ദ്രപ്രഭു, അരിയല്ലൂര്‍ സുബ്രഹ്മണ്യന് തുടങ്ങി 60 പേരെ ഏകാന്ത തടവിലാക്കി നിഷ്ഠുരമായി തല്ലിച്ചതയ്ക്കുമായിരുന്നു. കോഴിക്കോട് എസ്പി ലക്ഷ്മണയുടെ വിളയാട്ടം അതിനീചമായായിരുന്നു. ജന്മഭൂമി പ്രസാധകനും മാനേജിങ് ഡയറക്ടറുമായ ദത്താത്രേയ റാവുവിനെ അര്‍ദ്ധരാത്രി വീട്ടുകാരുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് കണ്ണ് കെട്ടി ദൂരെ നിറുത്തിയിരുന്ന വാനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഐജി ഓഫീസില്‍ വച്ച് എല്ലാവിധ മര്‍ദ്ദനമുറകളും പ്രയോഗിച്ചു. വേദനയാല്‍ നിലവിളിച്ചപ്പോള്‍ ധരിച്ചിരുന്ന ബനിയന് വലിച്ചു കീറി വായില്‍ കുത്തിത്തിരുകി. നാലു ദിവസം വെള്ളം പോലും കൊടുക്കാതെ ഇട്ടു. രോഗിയായ അദ്ദേഹം സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ പോലും എടുക്കാന്‍ അനുവദിച്ചില്ല. അടിയന്തിരാവസ്ഥക്കാലത്തു മാത്രമല്ല അതിനു മുമ്പും ശേഷവും ഈ ഭീകരജീവി പോലീസ് സേനക്ക് തന്നെ ഒരപമാനമായിരുന്നു.
ആലപ്പുഴയില്‍ ഇസ്പേട് ഗോപി എന്ന ഡിവൈഎസ്പി കാട്ടിയ ക്രൂരത ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തത്ര ഭീകരമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സഹായത്തോടെ ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളിയാണെന്നു പറഞ്ഞ് പിടിച്ചു കൊണ്ടുപോയ ആര്‍എസ്എസ് പ്രചാരകനായിരുന്ന വൈക്കം ഗോപകുമാറിനെ 12 രാവും പകലും ഭേദ്യം ചെയ്തു. പ്രചാരകരായിരുന്ന ശിവദാസനും എം.ഐ. സുകുമാരനും നേരിട്ടതും ഇതേ അവസ്ഥ തന്നെയാണ്. ശരീരത്തിലെ ഓരോ അവയവവും, ലിംഗവും വൃഷ്ണവും ഉള്‍പ്പെടെ, കൈകാലുകള്‍ കൊണ്ടും, ലാത്തി കൊണ്ടും, റൂള്‍ത്തടി കൊണ്ടും ചതച്ചും കയറില്‍ കെട്ടിത്തൂക്കിയും, നിലത്തടിച്ചും, തല ചുവരിലിടിച്ചും ഉറങ്ങാന്‍ അനുവദിക്കാതെയും ആഹാരവും വെള്ളവും കൊടുക്കാതെയും രഹസ്യങ്ങള്‍ പിഴിഞ്ഞെടുക്കാന്‍ ശ്രമിച്ചു. ബോധം തെളിയുന്ന സമയത്തെല്ലാം ഇതു തുടര്‍ന്നു. അല്പ ജീവന് മാത്രം ബാക്കി വച്ച് ഇവരെ ജയിലിലാക്കി. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചികിത്സക്കു ശേഷം വൈക്കം ഗോപകുമാര്‍ ഈ അടുത്ത കാലത്ത് ജീവന് വെടിഞ്ഞു. സാധാരണ ജീവിതം അതിനു ശേഷം ഇതേ വരെ നയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സുകുമാരന്റെ കാല്‍വിരലുകള്‍ ഇക്കഴിഞ്ഞയാഴ്ച മുറിച്ചു മാറ്റി.
ശിവദാസന്റെ അവസ്ഥയും ഭീകരമായിരുന്നു. എല്ലാ രഹസ്യങ്ങളും അറിയുന്ന പ്രചാരകനാണ് ഈ മലബാറുകാരന് എന്ന ധാരണയിലായിരുന്നു അവര്‍. ആ മൃഗങ്ങള്‍ കയറിയിറങ്ങിയ ശരീരത്തില്‍ നിന്ന് ജീവന് പോയി എന്നൊരു വിവരവും പുറത്തുവന്നു. ശിവദാസും അതുശരിവയ്ക്കുന്നുണ്ട്. തന്റെ വിശ്വാസ പ്രമാണങ്ങളെ മുറുകെപ്പിടിച്ച് എല്ലാവിധ ശാരീരിക യാതനകളും നിത്യവും കടിച്ചിറക്കി ഇന്നും ജീവിക്കുന്നു. 1975 ജൂണ്‍ 26 ആര്‍എസ്എസിന്റെ കേരളത്തിലെ ആസ്ഥാനത്തിന് എറണാകുളം എളമക്കരയില്‍ ഗൃഹപ്രവേശമായിരുന്നു. നിര്‍ണായക ദിവസം. എത്തിയിട്ടുള്ള വലിയ കാരണവര്‍ ക്ഷേത്രീയ പ്രചാരക് സ്വര്‍ഗീയ യാദവ റാവുജി. ഏവരും ആഹ്ലാദത്തില്‍. സന്തോഷം കൂടുതല്‍ സമയം നീണ്ടുനിന്നില്ല. ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായിരുന്ന എം. രാജശേഖരപ്പണിക്കര്‍ ഒരു വെള്ളിടിവാര്ത്തയുമായെത്തി- അടിയന്തരാവസ്ഥ, മാധ്യമവിലക്ക്, ജയപ്രകാശ്ജി ഉള്‍പ്പെടെ എല്ലാ ദേശീയ നേതാക്കളേയും അറസ്റ്റ് ചെയ്തു. അവരെവിടെയാണ് എന്നു പോലും അറിയില്ല.
കേരളത്തിലെ സംഘ കുടുംബം മുഴുവനും ആ കോമ്പൗണ്ടിലുണ്ട്. കാരണവന്മാര് ഒരുമിച്ചുകൂടി കാര്യങ്ങള്‍ തീരുമാനിച്ചു. സ്വര്‍ഗീയ ഭാസ്കര്‍ റാവുജി, മാധവ്ജി, ഹരിയേട്ടന്(ആര്.ഹരി) തുടങ്ങിയവര്‍ എറണാകുളത്തു തന്നെ വിവിധ വീടുകളില്‍ പരസ്പരം എവിടെയാണെന്നറിയാതെ തങ്ങി. മോഹന്‍ജി, കുടുസ്സാര്, സികെ. ശ്രീനിവാസന്, ഒരു പാചകക്കാരന്, പിന്നെ ഞാനും അവിടെത്തന്നെ. 27നും 28നും കാര്യമായൊന്നും സംഭവിച്ചില്ല. രണ്ടു ദിവസവും ഭാസ്കര്‍ റാവുജിയുടെ അടുത്തു പോയി. തന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി. വിവരങ്ങള്‍ കൈമാറി. 29 ന് രാത്രി ഒരു മണി കഴിഞ്ഞപ്പോള്‍ കുറെ പോലീസുകാര്‍ എത്തി. മോഹന്‍ജി വാതില്‍ തുറന്നുകൊടുത്തു. ഉണ്ടായിരുന്ന അഞ്ചു പേരേയും ഒരുമിച്ചുകൂട്ടി. ഒരാള്‍ പാചകക്കാരനാണെന്ന് പറഞ്ഞിട്ടും ഒഴിവാക്കിയില്ല. സിഐ പുരുഷോത്തമന് പിള്ള അറസ്റ്റ് ചെയ്ത് കസബ സ്റ്റേഷനില്‍ കൊണ്ടു പോയി. രാവിലെ കുറ്റപത്രം തയ്യാാറാക്കുമ്പോള് അസിസ്റ്റന്റ് കമ്മീഷണറോട് പുരുഷോത്തമന് പിള്ള പറഞ്ഞു, ‘ഈയാളാണ് നേതാവ്.’ അങ്ങനെ അടിയന്തരാവസ്ഥയിലെ കേരളത്തിലെ ആദ്യ അറസ്റ്റിലെ ഒന്നാം പ്രതി എന്ന മുദ്ര എന്റെ നെഞ്ചിലേറി. സബ് ജയിലിലാക്കി. രണ്ടു ദിവസം കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് 12 പേരെ കൂടിക്കൊണ്ടുവന്നു ഞങ്ങളുടെ സെല്ലിലാക്കി. നാലു പേര്‍ക്ക് കഴിയാവുന്ന മുറിയില്‍ 17 പേര്. ‘ദക്ഷ’ സ്ഥിതിയില്‍ കിടന്നാലും കൂട്ടിമുട്ടാതെ കഴിയില്ലായിരുന്നു.
കുരുക്ഷേത്രയുമായി
രാജ്യത്താകെ നടക്കുന്ന ഏകാധിപത്യ വിരുദ്ധ പോരാട്ട വിവരങ്ങള്‍ സമൂഹത്തെ അറിയിക്കാന്‍ ആഗസ്റ്റ് 21-ന് രക്ഷാബന്ധന ദിവസം ‘കുരുക്ഷേത്ര’യുടെ ആദ്യ പതിപ്പ് ‘അഭിമാനത്തില്‍ നിന്ന് അടിമത്തത്തിലേക്കോ?’ എന്ന തലക്കെട്ടോടെ പുറത്തുവന്നു. കേരളത്തിലെ എട്ടു കേന്ദ്രങ്ങളില്‍ നിന്നായി ആറായിരം കോപ്പിയില്‍ തുടങ്ങി അറുപതിനായിരത്തോളം കോപ്പികള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നു. പോലീസുകാരുടെ ഉറക്കം കെടുത്തുന്ന വിധത്തില്‍ അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പക്കലും കോണ്‍. നേതാക്കളുടെ പക്കലും എത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അധികം മര്‍ദ്ദനമേറ്റത് ഇതിന്റെ ഉറവിടം അന്വേഷിച്ചായിരുന്നു. സ്ഥിരമായി ഒരു പ്രസ്സില്‍ അടിച്ചിരുന്നില്ല. മുപ്പതോളം പ്രസ്സുകള്‍ ഇതിനായി ഉപയോഗിച്ചിരുന്നു.
ഒരു കുസൃതി; പക്ഷേ സാഹസികം
യാത്ര കൂടുതലും രാത്രിയില്‍. ഒരിക്കല്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, ബസ്സില്‍. ഒരു പൊതി ചൂടുകപ്പലണ്ടിയുമായി സീറ്റില്‍ ഒരാളെത്തി. കപ്പലണ്ടി സല്കാരം കഴിഞ്ഞു; കുടുങ്ങി. നിര്‍ത്താതെയുള്ള സംസാരം. മുഖ്യമന്ത്രി അച്യുതമേനോന്റെ ബന്ധുവാണ്. മന്ത്രിമന്ദിരത്തിലേക്കാണ് യാത്ര. സിഎമ്മിനെ പഴി കേള്‍പ്പിക്കാന്‍ കെ. കരുണാകരനാണ് ഇതൊക്കെ ചെയ്യുന്നതെന്നായി. ‘ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്ത്ഥിയോടാ’-യപ്പോള്‍ ആവേശം കൂടി. കായംകുളം സ്റ്റാന്റില്‍ കൂടുതല്‍ സമയം ബസ് നിര്‍ത്തും. ചായ കുടി പുകവലി തുടങ്ങിയ പരിപാടികള്‍. സഹയാത്രികന് എന്നേയും ക്ഷണിച്ചു. വിനയത്തോടെ നിരസിച്ചു. ബാഗിന്റെ കാവല്‍ ഏല്പിച്ചദ്ദേഹം ഇറങ്ങി. ആരും ശ്രദ്ധിക്കുന്നില്ല. പലരും ഉറക്കത്തില്‍. ഞാന്‍ കൈയിലുള്ള ‘മാരകായുധ’-ങ്ങള് എടുത്തു. ‘കുരുക്ഷേത്ര’ കൂടാതെ ലോക് താന്ത്രിക്ക് യുവമഞ്ച് കണ്‍വീനര്‍ അരുണ്‍ ജെയ്റ്റ്ലിയുടെ വക ഒരു ‘അമിട്ടു’മുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാഗു തുറന്ന്, തേച്ച് വച്ചിരുന്ന മുണ്ടിനിടയില്‍ തിരുകിവച്ചു. ഇടയ്ക്ക് തുറന്നാല്‍ കാണരുതല്ലോ. തിരിച്ചു വന്നപ്പോഴും ഉറക്കം തൂങ്ങിയായ ഈ വിദ്യാര്‍ത്ഥിയുടെ അടുത്തിരുന്നു യാത്ര തുടര്‍ന്നു. അടുത്ത ദിവസം മന്ത്രിമന്ദിരത്തില്‍ എത്തിയ ഈ വാചാലനായ ബന്ധുവിന്റെ അവസ്ഥ എന്തായോ?!
ഒപ്പം നിന്ന് അവര്‍ ചെയ്തത്
അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്മയും സമരപരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എബിവിപി, എസ്എഫ്ഐ, പരിവര്‍ത്തനവാദി കോണ്‍ഗ്രസ്, കെഎസ്യു, എന്‍എസ്ഒ, വിമത എംഎസ്എഫ് എന്നീ സംഘടനകള്‍ ഒരുമിച്ചു കൂടി. എം.എ. ബേബി, കോടിയേരി, തോമസ് ഐസക്, കെ. സുധാകരന്, എം.പി. ഗംഗാധരന്, ജോണ്‍ ജോസഫ്, മുഹമ്മദ് മാണിയൂര്‍ തുടങ്ങിയവരും എബിവിപിയില്‍ നിന്ന് പി.എസ്. ശ്രീധരന് പിള്ളയും, ടി. സതീശനും ഞാനും. മൂന്നു ജില്ലകളില്‍ കണ്വെന്ഷന് നടത്തി. എബിവിപിക്കാരായിരുന്നു കൂടുതലും. ‘വിപ്ലവക്കുഞ്ഞുങ്ങ’ളുടെ എണ്ണം ശുഷ്കമായത് ബേബിയെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. എകെജി പാര്‍ലമെന്റില്‍ ‘പെണ് ഹിറ്റ്ലറെ’-ക്കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ബേബിക്ക് കൊടുത്തപ്പോള്‍ ആ മുഖത്ത് മിന്നി മറഞ്ഞ ഭാവഭേദങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്. അവരുടെ പ്രസ്ഥാനത്തിന് ആദ്യമായാണത് കിട്ടുന്നത്. കുരുക്ഷേത്രയുടെ കൂടുതല്‍ കോപ്പി തോമസ് ഐസക് പലപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നു. മഹാരാജാസില്‍ വച്ച് കെ.ആര്. ഉമാകാന്തന്‍ അതു കൈമാറുന്ന സമയത്താണ് ‘കുട്ടി ഖദറന്മാര്’- വളഞ്ഞു പിടിച്ച് പ്രിന്‍സിപ്പലിന്റെ മുറിയില്‍ അടച്ചിട്ട് ഉമാകാന്തനെ പോലീസില്‍ ഏല്പിച്ചത്. അദ്ദേഹം അന്നത്തെ മര്‍ദ്ദനത്തിന്റെ ശാരീരിക അസ്വസ്ഥതകളിലാണിന്ന്. ‘പെണ് ഹിറ്റ്ല’-റും കിങ്കരന്മാരും ഊതിക്കെടുത്തിയ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം വീണ്ടും പ്രകാശിപ്പിക്കുന്ന പ്രക്രിയ ഏറെ ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു. അതിന് ദേശീയ പ്രസ്ഥാനങ്ങള്‍ കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. ആ വെളിച്ചം ഇനി ഒരിക്കലും അണയാതെ, അണയ്ക്കാതെ നോക്കാന്‍ നമുക്ക് കഴിയണം, അതാവണം നമ്മുടെ പ്രതിജ്ഞ.
കെ.ജി. വേണുഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: