കണ്ണൂര്‍: കോവിഡിനെ തുടര്‍ന്നുണ്ടായ ഇളവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ പോലീസും മോട്ടോര്‍വാഹന വകുപ്പും നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് ചട്ടലംഘനത്തിന് 300ലധികം കേസുകള്‍ ജില്ലയില്‍ പോലീസ് രജിസ്ട്രര്‍ ചെയ്തു. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് നടപടി കടുപ്പിക്കുന്നത്. കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരേയും വ്യാപാരികള്‍ക്കെതിരേയും കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിയമം തെറ്റിക്കുന്നവരോട് ഉപദേശം വേണ്ട നടപടി മതിയെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം.മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ വാഹനപരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചു തുടര്‍ന്ന് സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് വാഹനപരിശോധന കര്‍ശനമാക്കുന്നത്.ബസുകളിലും മറ്റ് വാഹനങ്ങളിലും നിശ്ചയിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമയ്ക്കെതിരേ കേസെടുക്കുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അമിത വേഗതക്കെതിരേ കര്‍ശന നടപടിയെടുക്കാനും മാസ്ക്കും ഹെല്‍മറ്റും ധരിക്കാതെ പോകുന്ന ഇരുചക്ര വാഹനയാത്രികര്ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. നിയമം തെറ്റിക്കുന്നവരുടെ വീഡിയോ എടുത്ത് നടപടിയെടുക്കാനാണ് നിര്‍ദേശം. പ്രധാനപ്പെട്ട നഗരങ്ങളില്‍ ക്യാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പോലീസുകാരെ മഫ്തിയില്‍ വിന്യസിക്കുക, വാഹനപരിശോധന കര്‍ശനമാക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: