കുഞ്ഞന്നാമ്മ ടീച്ചര്‍ക്ക് കൃഷ്ണനുണ്ണിയെ വലിയ ഇഷ്ടമായിരുന്നു. നന്നായി പഠിക്കുന്നതു മാത്രമല്ല കാരണം. കുഞ്ഞന്നാമ്മ ടീച്ചറുടെ ബാല്യകാല സഖാവായിരുന്നു കൃഷ്ണനുണ്ണിയുടെ അച്ഛന് ശിവരാമക്കൈമള്.
ശിവാ എന്നു തെകച്ചു വിളിച്ചിട്ടില്ല. മണ്ണപ്പം ചുട്ടു കളിച്ചതും, ഗീവര്‍ഗീസ് മാപ്പിളയുടെ പറമ്പില്‍ നിര്‍ലോഭം വീഴുന്ന ചവര്‍പ്പുള്ള ഞാവല്‍പ്പഴം പെറുക്കി നടന്നതും, ഞാവല്‍പ്പഴം പെറുക്കി കൂട്ടിയ കുഞ്ഞന്നാമ്മയുടെ പെറ്റിക്കോട്ട് ഒരു വല്ലാത്ത നിറയമായതിന് തല്ലു ഷെയറു ചെയ്തതുമൊക്കെ ഓര്‍മവരും കൃഷ്ണനുണ്ണിയെ കാണുമ്പോള്‍. ഇടയ്ക്ക് ആരും കാണാനില്ലെങ്കില്‍ ടീച്ചര്‍ കൃഷ്ണനുണ്ണിയെ ചേര്‍ത്ത് പിടിക്കും. അറിയാതെ കൊണ്ടതാണെന്ന മട്ടില്‍ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ക്കും.
ആ കുഞ്ഞന്നാമ്മ ടീച്ചറാണ് ഇപ്പോള്‍ ഒരു കള്ളച്ചിരിയുമായി കൈയില്‍ ഒരു ചുവന്ന റോസാപ്പൂവും പി
ടിച്ച് വശങ്ങളില് വെളുത്ത മൈക്കകൊണ്ട് ഒട്ടിച്ചുണ്ടാക്കിയ പൂക്കളുടെ ഡിസൈനുള്ള പെട്ടിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നത്.
കുഞ്ഞന്നാമ്മ ടീച്ചറിന്റെ മൂത്ത മകള്‍ സ്റ്റെല്ല അബുദാബിയില്‍ നിന്ന് നഴ്സിങ് ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നില്ക്കാന് തീരുമാനമെടുത്ത് നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആരോടും പറയാതെ കുഞ്ഞന്നാമ്മ ടീച്ചര്‍ പൊയ്ക്കളഞ്ഞു. നാട്ടില്‍ പൊതുവെ വെടിയന്‍ എന്നു പേരുകേട്ട സാബുച്ചേട്ടന് ആരോടൊ പറയുന്നതു കേട്ടു…
”ആരുണ്ടായില്ല മരിക്കുമ്മെ… എത്ര മക്കളിണ്ടായീന്നു പറഞ്ഞിട്ടെന്തിനാ… ദിപ്പ തന്നെ മൂത്തോള് ഗെള്ഫീന്ന് നാട്ടില്‍ വന്നതല്ലേ… പക്ഷേ മരിക്കുമ്മെ ഒരു തുള്ളി വെള്ളം കൊടുക്കാന്‍ ഈ ഞാന്‍ വേണ്ടി വന്നു… ങ് ഹാ… അതുമൊരു ഭാഗ്യം…”
സ്കൂളില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരെയൊന്നും അധികം കാണാനില്ല. ബോഡിയുടെ വശത്ത് നാലഞ്ചു കസേര ഇട്ടിരിക്കുന്നതിനാല്‍ ഒരെണ്ണത്തിനു മുന്പില് വച്ച മൈക്കില്‍ ആരോ കഴുത്തീ പിടിച്ചപോലെ പതിഞ്ഞ ശബ്ദത്തില്‍ എന്തോ പാടിക്കൊണ്ടിരിക്കുന്നത് എസ്തപ്പാന് ഡേവീസ് ആണെന്നും, പഠിച്ചുകൊണ്ടിരിക്കുമ്പോ എത്തപ്പാനു കൊത്തച്ചക്ക തക്കം കിട്ട്യാ വെട്ടിത്തിന്നാം എന്നു പാടി അവനെ കളിയാക്കിയിരുന്നുവെന്നും ഉണ്ണി ഓര്‍ത്തു.
ടീച്ചറിന്റെ മുഖത്തേക്ക് പറന്നുവന്നിരുന്ന ഒരു ഈച്ചയെ കൈകൊണ്ട് ആട്ടിയകറ്റി നേരെ നോക്കിയ സ്റ്റെല്ലയുടെ മുഖത്ത് ഒരു പരിചയപ്പുഞ്ചിരി വിടരുന്നുണ്ടോ? താന്‍ ചിരിക്കണോ…അല്ലെങ്കില്‍ തന്നെ തനിക്കെന്തിനാണ് സങ്കടം. പ്രായമായാല്‍ എല്ലാവരും മരിക്കും. അതിന് അച്ഛന് അമ്മ എന്നോ സഹോദരന്, കൂട്ടുകാരി എന്നോ വ്യത്യാസമില്ല.
ഈയിടെ എല്ലാ മരണങ്ങള്‍ക്കും വീഡിയോയുടെ മുഖമാണ്. പറ്റിയാല്‍ മരിച്ചു വീഴുന്നതോ അന്ത്യശ്വാസം വലിക്കുന്നതോ പോലും ഫിലിമിലാക്കാനാണ് ആളുകളുടെ ശ്രമം. വരാന്‍ സാധിക്കാത്ത വിദേശത്തുള്ള ബന്ധുക്കള്‍ക്കൊക്കെ കാണാനാണെന്ന മട്ടിലാണ് ഷൂട്ടിങ് ആരംഭിച്ചത്. പക്ഷേ ഇപ്പോ അതൊരു ഫാഷനായിട്ടുണ്ട്. എങ്ങനെയാണ് സ്വന്തത്തിലുള്ളവര്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കുക. ആരെങ്കിലും അതു കണ്ടു കരയുന്നതു കാണാന്‍ രസമുണ്ടോ? പൈസ കൊടുത്ത് ഏല്‍പ്പിച്ച വീഡിയോഗ്രാഫര്മാരെക്കൂടാതെ മൊബൈലുള്ള എല്ലാവരും ഫോട്ടോകള്‍ എടുക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും അയച്ചുകൊടുക്കാനാണ്.
”ഒന്നു വഴി മാറിക്കൊടുത്തേ…”
ഒരു പരിചയവുമില്ലാത്ത ഒരു വെള്ള ഷര്ട്ടുകാരന് ചുമലില്‍ പിടിച്ച് തള്ളിയപ്പോഴാണ് ഉണ്ണിക്ക് പരിസരബോധം വന്നത്.
ഹാ…പുറകോട്ട് മലയ്ക്കുന്നതോടൊപ്പം എന്താ സംഭവം എന്നുകൂടി നോക്കി. ആരോ വരുന്നതാണ്. കട്ടി മീശയും അരക്കൈ വെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച കണ്ണട വച്ച ഒരു തടിയന് പുറകേ വരുന്നുണ്ട്. പരിചയമുള്ള മുഖം. തൊട്ടടുത്തു നിന്നയാളോട് ചോദിച്ചപ്പോള്‍ അറിഞ്ഞു എംഎല്‍എയാണ്-അസീം.
സൂക്ഷിച്ചുനോക്കിയപ്പോള്‍ ചിരിപൊട്ടി. എട്ട് ബിയില്‍ ആദ്യമായി ക്ലാസിലെത്തിയപ്പോള്‍ പുറകിലത്തെ ബെഞ്ചില്‍ ഒരു ഡിവൈഡര്‍ കൊണ്ട് ഡസ്കില്‍ പൂക്കള്‍ വരച്ചുകൊണ്ടിരുന്ന അതേ തടിയന്. അന്നത്തെ മഞ്ഞ കലര്‍ന്ന മുണ്ടും ഷര്‍ട്ടും തൂവെള്ള ഖദര്‍ ആയെന്നു മാത്രം. അന്നത്തെ നനുത്ത മീശ ഇന്ന് കട്ടി മീശ ആയെന്നു മാത്രം.
കുഞ്ഞന്നാമ്മ ടീച്ചറുടെ തൊട്ടടുത്തെത്തിയ അസീമിന്റെ കണ്ണുകളില്‍ ഒരു ചെറിയ നനവു പടരുന്നുണ്ടോ. തോന്നലാണോ എന്ന് ഉറപ്പിക്കുന്നതിനു മുന്‍പ് അവന് കൂടെയുള്ള സില്‍ബന്ധിയുടെ കൈയില്‍നിന്ന് റീത്ത് വാങ്ങി കാല്ക്കല് വച്ച് തിരിച്ചു നടന്നു. തൊട്ടുമുന്പിലെത്തിയപ്പോള് മുഖം മറയ്ക്കാന്‍ എത്ര ശ്രമിച്ചിട്ടും വിജയിച്ചില്ല. കണ്ണുകളിടഞ്ഞപ്പോള്‍ അസീമിന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞ ഒരു പുഞ്ചിരി വന്നു. പിന്നെ കൂടെയുള്ളവരോട് ഇപ്പോ വരാം എന്നു പറഞ്ഞ് എന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു.
”കൃഷ്ണനുണ്ണിയല്ലേ തെറ്റിയിട്ടില്ലല്ലോ”
”ഇല്ല”
”ഞാനാണിപ്പോ ഇവിടത്തെ എംഎല്‍എ. ഉണ്ണി ഇപ്പൊ എന്തു ചെയ്യുന്നു?”
”ഷിപ്പിലാണ്. ബ്രൂണൈ. ഇപ്പോ ലീവില്‍. അടുത്തമാസം തിരിച്ചുപോകും.”
”ഫാമിലി, കുട്ടികള്‍”
”ഭാര്യ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്, ഒരു മകന്, ആറുമാസമേ ആയുള്ളൂ.”
”അവര്‍ വന്നിട്ടില്ലേ”
”ഇല്ല. അവള്‍ക്ക് ലീവ് കിട്ടിയിട്ടില്ല. കുട്ടിയെ നോക്കാന്‍ അവളുടെ അമ്മ അവിടെ വന്നിട്ടുണ്ട്. ഞാന്‍ ഒന്നു റിലാക്സാകാമെന്നു വച്ചു.”
അടുത്തതായി ഞാന്‍ അവന്റെ വിശേഷങ്ങള്‍ ചോദിക്കുമെന്നോര്‍ത്ത് ഉത്തരം പറയാന്‍ മുട്ടിയതുപോലെ അവന് നിന്നു. എന്റെ ചോദ്യങ്ങള്‍ കാണാത്തതുകൊണ്ട് അവന് ഒരു ചളിപ്പോടെ പറഞ്ഞു:
”എന്റെ ഭാര്യ വെറും ബിരിയാണിപ്പാര്ട്ടിയാ. മൂന്നു പെണ്‍കുട്ടികള്‍. എട്ടിലും ആറിലും പിന്നെ ഒരുത്തി രണ്ടിലും.”
”ശരി.”
മുഖത്തു വരുത്തിയ ഒരു ചിരിയോടെ ഞാന്‍ പറഞ്ഞു.
ഒരു വികാരവുമില്ലാതെ നില്ക്കുന്ന എന്നോട് ഇനി ഒന്നും സംസാരിച്ചിട്ടു കാര്യമില്ല എന്നു മനസ്സിലാക്കി അസീം യാത്ര പറഞ്ഞു.
ആളുകള്‍ വന്നും പോയുമിരുന്നു… പരിചയമുള്ള മുഖങ്ങള്‍ അധികം കാണാനില്ലാത്തതുകൊണ്ട് ഉണ്ണി വലിച്ചുകെട്ടിയ പടുതായുടെ ചൂടില്‍നിന്ന് വീടിന്റെ വശത്തുള്ള ഒരു മരത്തണലില്‍ ഒരു കസേരയിട്ട് വാട്സാപ്പില്‍ വന്ന മെസ്സേജുകളിലേക്ക് കണ്ണോടിച്ചു. ഭാമയുടെ മെസ്സേജ് ഉണ്ട്. മരുന്നുകളുടെ വിവരങ്ങള്‍ എഴുതിയിരിക്കുന്നു. ബാഗിന്റെ ഏതൊക്കെ കള്ളിയില്‍ ഏതൊക്കെ ചെപ്പുകളിലാണ് മരുന്നുകള്‍ സൂക്ഷിച്ചിട്ടുള്ളത് എന്നുവരെയുണ്ട്. ഭാഗ്യത്തിന്, വെയില് കൊള്ളരുത് എന്നും, ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടില്ല. പ്രണയിച്ചു നടന്നിരുന്ന സമയത്ത് മൈഗ്രൈന്‍ ഇളകി ഛര്‍ദ്ദിച്ചു കിടന്നിരുന്ന തന്നെ ഒറ്റയ്ക്ക് വലിച്ചിഴച്ച് ആശുപത്രിയില്‍ കൊണ്ടുപോയത് എത്ര തവണ അവള് തന്നെ പറഞ്ഞിരിക്കുന്നു. അവളോട് വര്‍ത്തമാനം പറഞ്ഞിരുന്നതു കൊണ്ടാണെന്ന് താന്‍ പറയും. വെയില് നേരിട്ട് കൊണ്ടതുകൊണ്ടാണെന്ന് അവളും. എന്തുതന്നെയായാലും തെറ്റില്ലാത്ത വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ വിയര്‍പ്പില്‍ മുങ്ങി ഒട്ടിച്ചേര്‍ന്നാണ് ഓരോ തര്‍ക്കവും അവസാനിക്കാറുള്ളത്.
”ബോഡി എടുക്കുന്നു.”
മുന്നോട്ട് നടക്കുന്നതിനിടയില്‍ ഒരാള്‍ ഉണ്ണിയെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു.
”പള്ളി അടുത്തു തന്നെയാണ്…ഈ വളവിനപ്പുറത്ത്…”
ഉണ്ണിക്ക് ചെറിയൊരു ചിരി പൊട്ടി. ആരോടാണ് പള്ളിയെ പറ്റി പറയുന്നത്? ഭയന്ന് വിറച്ച് മൂന്ന് ദിവസം ജലപാനമില്ലാതെ ഒളിച്ചിരുന്ന അഭയസ്ഥാനമാണത്. മൂന്നാം ദിവസം രാത്രിയില്‍ ഒട്ടും പ്രതീക്ഷിക്കാതെ കുഞ്ഞന്നാമ്മ ടീച്ചറെ പള്ളിക്കകത്ത് പ്രാര്‍ത്ഥിച്ച് ഇരിക്കുന്ന രൂപത്തില്‍ കണ്ടപ്പോള്‍ ഒരു പൊട്ടിക്കരച്ചിലല്ലാതെ ആ കാലുകളില്‍ വീണ തന്നെ എന്റെ ശിവന് കരയരുത് എന്നുപറഞ്ഞ് എഴുന്നേല്‍പ്പിച്ച് എവിടെയെങ്കിലും പോയി രക്ഷപ്പെടാന്‍ പറഞ്ഞുവിട്ട സ്ഥലമാണ്.
അച്ചന്റെ പ്രസംഗത്തിനുശേഷം ഉമ്മറത്തേക്ക് റിവേഴ്സില്‍ വന്ന വാനിലേക്ക് ടീച്ചറുടെ ബോഡി എടുത്തുവച്ചു… അച്ചനും വേറെ രണ്ടാളും കൂടെ കയറി മുന്നോട്ടുപോയ ആംബുലന്‍സിന് പുറകെ മുറ്റത്തേക്ക് കൊണ്ടുവന്ന ഒരു കാറില്‍ കയറാനായി മുന്‍പിലേക്ക് വന്ന സ്റ്റെല്ല ഒരു ചുവടു നിന്നശേഷം ഉണ്ണിയുടെ കരം ഗ്രഹിച്ചു. പിന്നെ പതിയെ പറഞ്ഞു:
”പോകരുത്. കാണണം”
ആറാം ക്ലാസിലെ ഓണപ്പരീക്ഷയ്ക്കു മുന്‍പായി ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണിയെ ടീച്ചര്‍മാര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു. ഉരുണ്ട് തുടുത്ത കവിളുകളും ഗുണ്ടുമണി ശരീരവും കഷ്ടിച്ച് തുടയുടെ ആരംഭം മറയുന്ന ഒരു നിക്കറും ധരിച്ച് കുണുങ്ങി കുണുങ്ങി നടക്കുന്ന ഉണ്ണിയോട് പ്രണയം തോന്നിയിട്ടാണ് ടീച്ചര്മാര് ഉണ്ണിയെ ഇത്ര ഇഷ്ടപ്പെടുന്നതെന്നാണ് ലോക തല്ലിപ്പൊളി ആയിരുന്ന ബേസിലിന്റെ അഭിപ്രായം. അതില്‍ അഭിരമിച്ചിട്ടാണോ എന്നറിയില്ല. എന്താവശ്യത്തിന് സ്റ്റാഫ് റൂമില്‍ പോകേണ്ടി വന്നാലും അന്നൊക്കെ ഉണ്ണി ഓടി പോകുമായിരുന്നു.
ജീവിതത്തില്‍ ആകെ കുഞ്ഞന്നാമ്മ ടീച്ചറോട് ദേഷ്യം തോന്നിയിട്ടുള്ള ഒരേ ഒരു അവസരവും അങ്ങനെ തന്നെയായിരുന്നു. വൈകുന്നേരം നാലുമണിയോടടുത്ത് സ്റ്റാഫ് റൂമില്‍ ടീച്ചര്‍മാര്‍ക്ക് വരുന്ന ചായയും കടിയും കഴിക്കുമ്പോള്‍ ആയിരുന്നു അത്. എല്ലാ ദിവസവും ചായ വരുന്ന സമയത്ത് ഒരു പ്യൂണ്‍ വന്ന് സ്റ്റെല്ലയെ വിളിച്ചുകൊണ്ടു പോകും. മിക്കവാറും ആ സമയത്ത് തന്നെ കുട്ടികള്‍ എഴുതിയ കോമ്പോസിഷന്‍ ബുക്കുകളുമായി ഉണ്ണി സ്റ്റാഫ് റൂമില്‍ പോകേണ്ടതായി വരും. ഉണ്ണിയെ നോക്കി ഒരു പരിഹാസച്ചിരിയോടെ സ്റ്റെല്ല ചായ കുടിക്കും. ഉണ്ണിക്ക് ഇതില്‍പ്പരം കലി വേറൊന്നുമില്ല. പരമാവധി അങ്ങോട്ട് നോക്കാതിരിക്കാന്‍ ഉണ്ണി ശ്രമിക്കും. പക്ഷേ ഡസ്കില്‍ കൈതട്ടി ശബ്ദമുണ്ടാക്കി ചായ ഒരു വൃത്തികെട്ട ശബ്ദത്തോടെ വലിച്ചുകുടിച്ചുകൊണ്ട് സ്റ്റെല്ല ഉണ്ണിയുടെ ശ്രദ്ധയാകര്‍ഷിക്കും. പക്ഷേ ഒരിക്കല്‍ ഉണ്ണിയുടെ ഈ അവസ്ഥ കണ്ട കുഞ്ഞന്നാമ്മ ടീച്ചര്‍ ഉണ്ണിയെ അടുത്തുവിളിച്ച് തോളില്‍ തട്ടി പതിവുപോലെ ഒരു ഉമ്മ കൊടുത്ത് ഉണ്ണിക്ക് കൂടി ഒരു ചായ വാങ്ങി കൊടുത്തു. പിന്നീട് ഒരിക്കലും സ്റ്റെല്ലയെ സ്റ്റാഫ് റൂമില്‍ ചായ കുടിക്കാന്‍ വിളിച്ചതുമില്ല.
സ്കൂളിലെ ദ്വേഷം പിന്നെപ്പോഴാണ് സ്റ്റെല്ലയോട് സ്നേഹമായി മാറിയത് എന്ന് ഉണ്ണിക്ക് ഓര്മ വന്നതേയില്ല. ഒരിക്കല്‍ പോലും കാണാതെ വയ്യെന്നായി ജീവിതം തന്നെ മാറ്റി മറിച്ച എല്ലാം നടന്നത് അതിന്റെ ബാക്കി ആയിട്ടാണ്.
സ്റ്റെല്ലയെ കാണാന്‍ രാത്രിയില്‍ ടീച്ചറിന്റെ വീട്ടില്‍ കയറിയ ഉണ്ണി ഒരു തേങ്ങല്‍ കേട്ടാണ് ഒരപ്പുരയില്‍ കയറി നോക്കിയത്. അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളും പാറിപ്പറന്ന മുടിയുമായി നിലത്തിരുന്നിരുന്ന സ്റ്റെല്ലയുടെ അനിയത്തി സെലീനയെ കണ്ട ഉണ്ണി ഒരു ഞെട്ടലോടെ അവളെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഉണ്ണിയെ കണ്ടതും പൊട്ടിത്തകര്ന്നപോലെ സെലീന ഉണ്ണിയുടെ മാറിലേക്ക് വീണു കരയാന്‍ ആരംഭിച്ചു. പിന്നെ വസ്ത്രങ്ങള്‍ വാരിയെടുത്ത് വീട്ടിലേക്ക് ഓടി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്‍പ് തന്നെ മറ്റൊരു കൈ അവന്റെ തോളില്‍ പതിച്ചു.
”നീ എന്തിനു വന്നെന്ന് എനിക്കറിയില്ല. പക്ഷേ എന്തിനായാലും നീ വന്നത് നന്നായി…”
ഇത്രയും നികൃഷ്ടനായ ഒരു പിതാവോ എന്ന് മനസ്സില്‍ തോന്നുന്നതിന് മുന്‍പേ തന്നെ വെട്ടിയൊഴിഞ്ഞ് ഉണ്ണി ഇറങ്ങിയോടി. ആ ഓട്ടം അവസാനിച്ചത് പള്ളിയിലെ അള്‍ത്താരയുടെ പുറകിലെ വലിയ മേശയ്ക്കടിയില്‍ വിരിക്കുള്ളില്‍ ആയിരുന്നു…
സെലീന ആത്മഹത്യ ചെയ്ത വിവരം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ് ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഉണ്ണി അറിഞ്ഞത്. അന്നത്തെ രാത്രി കൈ ഞരമ്പ് മുറിച്ച് ഹോസ്പിറ്റലില്‍ കൊണ്ടുപോകും വഴി ടീച്ചറുടെ കൈപിടിച്ച് അവള് ഉണ്ണിക്കായി സാക്ഷ്യം പറഞ്ഞു. ഓടി രക്ഷപ്പെടാന്‍ ഉണ്ണിയോട് പറയുന്ന സമയത്ത്, ജീവനു വേണ്ടി പിടയുന്ന മകള്‍ക്കുവേണ്ടി ആയിരുന്നിരിക്കുമോ അതോ ഹോസ്പിറ്റലില്‍ അവള്‍ക്ക് കാവല്‍ ഇരിക്കുന്ന അവളുടെ അവസ്ഥയ്ക്ക് കാരണക്കാരനായ പിതാവിന് വേണ്ടി ആയിരുന്നിരിക്കുമോ അവള് പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരിക്കുക…
സെമിത്തേരിയില്‍ സെലീനയുടെ കുഴിമാടത്തിനരികില്‍ പുതിയതായി തുറന്ന കുഴിയുടെ സമീപത്ത് പ്രത്യേകമായി വച്ചിട്ടുള്ള മേശമേല്‍ കിടത്തിയ കുഞ്ഞന്നാമ്മ ടീച്ചറിന്റെ മൃതശരീരത്തിന്റെ നെറ്റിയില്‍ വിരിച്ചിട്ട തൂവാലയ്ക്ക് മുകളിലൂടെ അവസാനമായി കൃഷ്ണനുണ്ണി ഉമ്മ വച്ചു.
ചടങ്ങുകള്‍ കഴിഞ്ഞ് സ്റ്റെല്ലയെ കണ്ടപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ അവള് ഉണ്ണിയുടെ കൈപിടിച്ച് ടീച്ചറിന്റെ വീട്ടിലെ ഒരപ്പുരയിലേക്ക് നടന്നു കയറി. സെലീനയെ ചേര്‍ത്തുപിടിച്ച് അന്ധാളിച്ചു നിന്ന അതേ സ്ഥലത്ത് അതേ വികാരത്തോടെ നിന്ന ഉണ്ണിയെ നോക്കി സ്റ്റെല്ല ഒരു ചിരിയോടെ പറഞ്ഞു:
”ഉണ്ണിയുടെയും ഞങ്ങളുടെയും ജീവിതത്തിന്റെ വില ഇവിടെയാണുള്ളത്. രണ്ടു തുള്ളി വിഷം ചേര്‍ത്ത് ഞങ്ങള്‍ പകര്‍ന്ന ഒരല്പം മദ്യം…
പിന്നെ, അയാളെക്കൊണ്ടു തന്നെ ഇവിടം കുഴിപ്പിച്ച് വിരിക്കാന്‍ ഏര്പ്പാടാക്കിപ്പിച്ച ഈ ടൈലുകള്‍ക്കടിയില്‍…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: