കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ജില്ലാഘടകത്തിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം. പ്രളയ ഫണ്ട് തട്ടിപ്പ് ഉള്‍പ്പടെ സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ നല്‍കിയ പരാതിയിലാണ് സക്കീര്‍ ഹുസൈനെ ആറ് മാസത്തേയ്‌ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
സക്കീര്‍ ഹുസൈനെതിരെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റി ചേര്‍ന്ന് സക്കീര്‍ ഹുസൈനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കൂടുതല്‍ ശക്തമായ നടപടി വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം സക്കീര്‍ ഹുസൈനെതിരെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആറ് മാസത്തേയ്‌ക്ക് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബേബി പക്ഷവും പി. രാജീവും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും ജില്ലാ കമ്മിറ്റി അതെല്ലാം തള്ളി നടപടി കൈക്കൊള്ളുകയായിരുന്നു.
സക്കീര്‍ ഹുസൈനെ പുറത്താക്കിയത് സംബന്ധിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും ജില്ലയിലെ സിപിഎമ്മിന്റെ പരിപാടികളില്‍ സക്കീര്‍ ഹുസൈന്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധനവിനെതിരെ കളമശ്ശേരി ഏരിയ കമ്മിറ്റി യോഗം സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സമിതിയംഗമായ കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സക്കീര്‍ ഹുസൈന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: