തിരുവനന്തപുരം: ബിജെപി കർഷകമോർച്ച മുൻ ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാകമ്മറ്റിയംഗവുമായ നെല്ലനാട് ശശിയുടെ കാർ തല്ലിത്തകർക്കുകയും കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ഡിവൈഎഫ് ഐ, സിപിഎം പ്രതികളെ വെഞ്ഞാറമൂട് പോലീസ് സംരക്ഷിക്കുന്നു. സംഭവം നടന്ന് 12 ദിവസമായിട്ടും സംഭവത്തിലെ പ്രധാന പ്രതികളെ പിടികൂടാത്ത പോലീസ് നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു.
പന്തപ്ലാവിക്കോണത്ത് ആർഎസ്എസ് ശാഖ നടന്ന സ്ഥലം കയ്യേറിയാണ ഡിവൈഎഫ്‌ഐക്കാർ സംഘർഷത്തിന് തുടക്കമിട്ടത്. നാലു വർഷം മുമ്പും ഇത്തരത്തിൽ ഇവർ ഇവിടെ സംഘർഷം ഉണ്ടാക്കിയിരുന്നു. അതിനെതുടർന്ന് ഈ വസ്തുവിന്റെ ഉടമ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഇവിടെ കയറുന്നതിൽ നിന്ന് വിലക്കിയിരുന്നു, തുടർന്ന് നാലു വർഷങ്ങളായി ശാഖ മാത്രം നടന്നു വരികയായിരുന്നു. കൊറോണ സമയത്ത് ശാഖ നിർത്തിവച്ചപ്പോൾ വീണ്ടും ഇവർ കൂട്ടം കൂടി ഇവിടേക്ക് കടന്നുകയറിയത് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവറും വാർഡ് മെമ്പറിന്റെ ഭർത്താവുമായ മനോജ്, പി.വി. രാജേഷ് എന്നിവർ തേമ്പാംമൂട്ടിൽ നിന്നുൾപ്പെടെ ആളുകളെയും കൂട്ടി വന്ന് അക്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് ഇവരെ തടഞ്ഞെങ്കിലും ഇവർ രണ്ടു പേരും വെല്ലുവിളിയും ഭീഷണിയുമായാണ് മടങ്ങിയത്. സംഘർഷത്തെ തുടർന്ന് പോലീസ് ഇരുവിഭാഗത്തിനെതിരെയും കേസ് എടുത്തു. ഒത്തുതീർപ്പിനായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് സിഐ വിളിച്ചതിൻ പ്രകാരം പോകുമ്പോഴായിരുന്നു ബിജെ
പി നേതാവ് നെല്ലനാട് ശശിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ വൈകുന്നേരം ഡിവൈഎഫ്‌ഐ സംഘം വീണ്ടും ആക്രമണം നടത്തിയതും കാർ അടിച്ചുതകർത്തതും. ഇതിൽ തേമ്പാംമൂട് പ്രദേശത്തു നിന്നുള്ള പാർട്ടി ഗുണ്ടകളുമുണ്ടായിരുന്നു. ഇവർ ഭൂതമടക്കി ജംഗ്ഷനിൽ നാട്ടുകാർ നോക്കിനിൽക്കേ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന നാട്ടുകാരെ ഉൾപ്പെടെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഇവർ ഗോകുലം മെഡിക്കൽ കോളേജിനടുത്തു വച്ചാണ് നെല്ലനാട് ശശിയുടെ വാഹനം അടിച്ചു തകർത്തതും പ്രവർത്തകരെ ആക്രമിച്ചതും. അതുവഴി വന്ന ഇരുചക്രവാഹനത്തിലെ വേറേ ചില യാത്രക്കാരേയും ഇവർ മർദിച്ചിരുന്നു.
കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 20 ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് നെല്ലനാട്, സുജിത്ത്, അംജത്ത് തേമ്പാംമൂട് എന്നിവരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്ത്. ബാക്കി പ്രതികൾ എല്ലാം ഒളിവിൽ പോയതായാണ് പോലീസ് ഭാഷ്യം. കേസിലെ മറ്റ് പ്രതികളായ സജി കൊപ്പത്തിൽ, മനീഷ് പന്തപ്ലാവിക്കോണം, ഷിബിൻ മിഥുൻ, ധനുഷ് ചൂരപ്പെട്ടി, അതുൽ കോണത്തുവിളാകം എന്നിവർ ഉൾപ്പെടെ മുഴുവൻ പ്രതികളും നെല്ലനാട്, പന്തപ്ലാവിക്കോണം പ്രദേശത്തെ അവരവരുടെ വീടുകളിൽ തന്നെയുണ്ട്. പ്രതികളെ ഇനി അറസ്റ്റ് ചെയ്യില്ലെന്നും കേസിൽ നിന്ന് ഒഴിവാക്കി കൊടുക്കാമെന്നും പോലീസ് ഉറപ്പുകൊടുത്തതായി പ്രതികൾ തന്നെ പറയുന്നു. സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടലും ഭീഷണിയും സമ്മർദവും മൂലം ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്ത് റിമാൻഡ് ചെയ്തിരുന്നു. 14 ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ നിന്നും സ്റ്റേഷൻ ജാമ്യം നൽകി വിട്ട മൂന്ന് ബിജെപി പ്രവർത്തകരെ വീണ്ടും മൊഴി എടുക്കാനെന്ന വ്യാജേന 18 ന് രാത്രി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ജാമ്യം നൽകിയ പഴയ കേസിൽ പുതിയ വകുപ്പ് കൂട്ടിച്ചേർത്ത് ജാമ്യം റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാർട്ടി കാണിക്കുന്ന എല്ലാ കൊള്ളരുതായ്‌മകൾക്കും കുട പിടിക്കേണ്ട ഗതികേടിലാണ് വെഞ്ഞാറമൂട് പോലീസ്. കേസിൽ പാർട്ടിക്ക് വഴങ്ങാത്തതിന്റെ പേരിൽ കോടതി ഡ്യൂട്ടി പോലീസുകാരനെ പോലും വെഞ്ഞാറമൂട്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി ആക്ഷേപമുണ്ട്. രാഷ്‌ട്രീയ സമ്മർദത്തിന് അടിമപ്പെട്ട് യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കൊരുങ്ങുകയാണ് ബിജെപി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: