കട്ടപ്പന: കോടമഞ്ഞുപുതച്ചു നില്ക്കുന്ന താഴ്വാരവും മേഘത്തേ ചുംബിച്ചു നില്ക്കുന്ന മലകളും, നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന മലമടക്കുകളുടെ ഹരിത ചാരുതയും എപ്പോഴും വീശിയടിക്കുന്ന മാരുതനും കാറ്റാടിപ്പാറയിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ടൂറിസം അധികൃതരുടെ അവഗണയിലുമാണ് കാറ്റാടിപ്പാറ. പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. തേക്കടിയിലും മൂന്നാറിലും വാഗമണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്ച്ചവിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. തൂവല്‍ വെള്ളച്ചാട്ടം, കരിമ്പന്‍കുത്ത്, കാറ്റാടിപ്പാറ, നാടുകാണി, അഞ്ചുരുളി, കാല്‍വരിമൗണ്ട്, തൊമ്മന്‍കുഞ്ഞ് ഇങ്ങനെ പട്ടിക നീളുന്നു. കൊന്നത്തടി പഞ്ചായത്തിലെ കാറ്റാടിപ്പാറ സഞ്ചാരികള്‍ക്കായി കാത്തിരിക്കുവാന് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
ജില്ലയിലെ ചെറുകിട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കാറ്റാടിപ്പാറ മലനിരകള്‍. കാറ്റിന്റെ തലോടലുകളും, കോടമഞ്ഞിന്റെ കുളിരും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. അപൂര്‍വയിനം സസ്യജാലങ്ങളും വിവിധ ഇനം പുല്ലുവര്ഗങ്ങങ്ങളാലും സമ്പന്നമാണ് കാറ്റാടിപ്പാറ. വസന്ത കാലത്തില്‍ അപൂര്‍വയിനം പൂക്കളാല്‍ മനോഹാരിയാണ് ഈ മലനിരകള്‍.
പെരിഞ്ചാംകുട്ടിയിലെ മുളങ്കാടുകളുടേയും പുഴയുടേയും വശ്യസൗന്ദര്യം കാറ്റാടിപ്പാറയില്‍ നിന്നാല്‍ ആവോളം ആസ്വദിക്കാന്‍ സാധിക്കും. മൂന്നാര്‍ പള്ളിവാസല്‍ കൈലാസം, കൊളുക്കുമല, കത്തിപ്പാറ, മാവടിമലനിരകള്, പാമ്പളവന മേഖല വാത്തിക്കുടി, തോപ്രാംകുടി പ്രദേശങ്ങള്‍ എന്നിവ വിദൂരകാഴ്ചകളാണ്. കാറ്റാടിപ്പാറയില്‍ നിന്നു നോക്കിയാല്‍ കാണുന്ന സൂര്യാസ്തമയം അപൂര്‍വ്വാനുഭവം സമ്മാനിക്കും. ട്രക്കിംഗ് പോലുള്ള സാഹസിക വിനോദസഞ്ചാര സാധ്യതകളും ഇവിടെയുണ്ട്. ഇരുപത്തിനാലുമണിക്കൂറും കാറ്റു വീശുന്ന ഇവിടെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും കഴിയും.
പണിക്കല്കുടി മുള്ളരിക്കുടി റോഡില്‍ നിന്നും കാറ്റാടിപ്പാറയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ റോഡിന്റെ പകുതിഭാഗം ഗതാഗത യോഗ്യമാണ്. റോഡ് ഗതാഗതയോഗ്യമാക്കുകയുംമലമുകളില് സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കാറ്റാടിപ്പാറയ്ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുഖ്യസ്ഥാനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: