തൃശൂര്‍: കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൃശൂരില്‍ കര്‍ശന നിയന്ത്രണം. നഗരത്തില്‍ പോലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോര്‍പ്പറേഷനിലെ തേക്കിന്‍ക്കാട്, പാട്ടുരായ്ക്കല്‍, കൊക്കാലെ, പള്ളിക്കുളം ഡിവിഷനുകള്‍ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. ഓപ്പറേഷന് ഷീല്‍ഡിന് തുടക്കമായതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്.ആദിത്യ അറിയിച്ചു.
തൃശൂര്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ജുലൈ അഞ്ച് വരെ പരിശോധന കര്‍ശനമായി തുടരും. 7 ദിവസത്തേക്ക് 144 പ്രഖ്യാപിച്ചതിനാല്‍ സംഘം ചേരുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കണ്ടെയ്മെന്റ് സോണുകളിലേക്ക് ആളുകള്‍ എത്തുകയോ, പുറത്ത് പോകുകയോ ചെയ്യരുതെന്നും പോലീസ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമ നടപടികളെടുക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടിയെടുക്കുമെന്നും പൊതുസ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ഒന്നിച്ചാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.നഗരത്തോട് ചേര്‍ന്നുള്ള ഒളരി, എല്‍തുരുത്ത്, ചിയ്യാരം സൗത്ത് ഡിവിഷനുകളും കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട് ഈ ഡിവിഷനുകളിലും 7 ദിവസത്തേക്ക് നിയന്ത്രണം തുടരും.
അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്നും അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു. കുരിയച്ചിറ, ചിയ്യാരം നോര്‍ത്ത്, വളര്‍ക്കാവ്, അഞ്ചേരി, കുട്ടനെല്ലൂര്‍, ഒല്ലൂര്‍ എന്നീ ഡിവിഷനുകളും നിലവില്‍ കണ്ടെയ്മെന്റ് സോണുകളായതിനാല്‍ തൃശൂര്‍ കോര്പ്പറേഷന് ഏറെക്കുറെ സമ്പൂര്‍ണ ലോക്ഡൗണിലാണ്. തേക്കിന്‍ക്കാട് ഡിവിഷനിലുള്‍പ്പെടുന്ന സ്വരാജ് റൗില്‍ സ്വകാര്യ ബസുകളെ പ്രവേശിപ്പിക്കുന്നില്ല. ഓട്ടോ, ടാക്സിക്കും നിയന്ത്രണമുണ്ട്. നഗരത്തിലേക്കുള്ള ഉപറോഡുകളിലും അടച്ചു. മെഡിക്കല്‍ ഷോപ്പുകളും ഏതാനും ഹോട്ടലുകളും മാത്രമാണ് നഗരത്തില്‍ തുറന്നിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ മുതല്‍ വാഹന പരിശോധന നടത്തി.
ശക്തന്‍നഗര്‍ മാര്‍ക്കറ്റ്, ശക്തന് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്റ്, പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ തേക്കിന്‍കാട്, പാട്ടുരായ്ക്കല്‍, പള്ളിക്കുളം, കൊക്കാല ഡിവിഷനുകളിലാണ്. വടക്കുന്നാഥന്, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും ഈ ഡിവിഷനുകളിലുള്പ്പെടുന്നു. ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കോര്പ്പറേഷന് ഓഫീസും നിയന്ത്രണ മേഖലയിലുണ്ട് ഇതിനു പുറമേ ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകളും കണ്ടെയ്ന്റ്മെന്റ് സോണിലാണ്. കൊറോണ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 7 ഡിവിഷനുകളെ കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: