തൃശൂര്‍: ചാലക്കുടി നഗരസഭ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ളവരുടെ സ്രവം പരിശോധനക്കെടുത്തു. കഴിഞ്ഞ 15ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊറോണ സ്ഥിരീകരിച്ച ആളെ ഉള്‍പ്പെടെ 11 ആരോഗ്യ വിഭാഗം ജീവനക്കാരെ ഉപഹാരം നല്കി അധികൃതര്‍ ആദരിച്ചിരുന്നു.
ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, സ്ഥിരം സമിതിയദ്ധ്യക്ഷന്മാര്, സെക്രട്ടറി, ആറ് ജീവനക്കാര്‍ എന്നിവരുടെ സ്രവമാണ് പരിശോധനക്കായി എടുത്തിരിക്കുന്നത്. ഇവരെല്ലാം ഇപ്പോള്‍ ക്വാറന്റീനിലാണ്. കൊറോണ രോഗികളുടെ എണ്ണം ചാലക്കുടിയില്‍ വര്‍ദ്ധിച്ചതോടെ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ ഡ്യൂട്ടിക്ക് നിശ്ചയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതടക്കമുള്ള പരിശോധന പോലീസ് ശക്തമാക്കി.
നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞിരുന്ന ബാക്കി ഝാര്‍ഖണ്ഡ് സ്വദേശികളെ ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ടൂറിസ്റ്റ് ഹോമില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. യാതൊരുവിധ സുരക്ഷയോ, കൊറോണ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് ഇവിടെ തൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നതെന്നും ഇത്രയധികം പേര്‍ക്ക് രോഗം പടരാന്‍ കാരണമിതാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: