പാലക്കാട്: സുഹൃത്തിനൊപ്പം മീങ്കര ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33വര്‍ഷം കഠിനതടവും 1.85 ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പൊള്ളാച്ചി ആളിയാര്‍ അമ്മന്പതി പന്തക്കല്‍ പണ്ണപ്പള്ളം ശരവണകുമാ(37)റിനാണ് പോക്സോ നിയമമടക്കം വിവിധ വകുപ്പുകളിലായി പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20വര്‍ഷം കഠിനതടവനുഭവിക്കുകയും ഒരുലക്ഷം രൂപ പിഴയടക്കുകയും ചെയ്താല്‍ മതി. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കഠിന തടനുഭവിക്കണം.
2018 ഡിസംബര്‍ ആറിനാണ് സംഭവം. സുഹൃത്തുമൊത്ത് ഡാം കാണാനെത്തിയ 17 കാരിയെ ഡാം ജീവനക്കാരനെന്ന വ്യാജേന ശരവണകുമാര്‍ ഭീഷണിപ്പെടുത്തി മറ്റൊരിടത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും മാല കവരുകയുമായിരുന്നു.
ഡാമിലെത്തിയ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് വിശദീകരിച്ച് ആണ്‍സുഹൃത്തിനെ തനിച്ച് വീട്ടിലേക്കയക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ഗോവിന്ദാപുരം പാപ്പാന്‍ചള്ളയില്‍ നിന്നും ബസ് കയറ്റിവിട്ടതായും കേസില്‍ പറയുന്നു.
വലിയപള്ളം ഭാഗത്തു വച്ച് ബസ് തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ ബസില്‍ നിന്നിറക്കുകയും സ്വന്തം വാഹനത്തില്‍ കയറ്റി അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ കൊല്ലങ്കോട് പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: