മൂന്നാര്‍: ലോക്ഡൗണ്‍ കാലത്ത് പ്രകൃതിക്കുണ്ടായ മാറ്റം വരയാടുകളുടെ പ്രജനനത്തിന് അനുകൂലമായതായി പഠനങ്ങള്‍. ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ഈ വര്‍ഷം പാര്‍ക്കില്‍ പുതിയതായി പിറന്നത് 155 കുഞ്ഞുങ്ങള്‍. മുന്‍ വര്‍ഷങ്ങളുടെ ശരാശരിയുടെ ഇരട്ടിയോളം വരുമിത്.
കഴിഞ്ഞ വര്‍ഷം 91 കുഞ്ഞുങ്ങളായിരുന്നു ജനിച്ചത്. 2018ല്‍ 75, 2017ല്‍ 87 വരയാടിന് കുഞ്ഞുങ്ങള്‍ ജനിച്ചു. നിലവിലെ കണക്ക് പ്രകാരം ആകെ 723 വരയാടുകളാണിവിടെയുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള അഞ്ച് ദിവസത്തെ സെന്‍സസിലാണ് ഇവയുടെ എണ്ണം രേഖപ്പെടുത്തിയതെന്ന് ഇരവികുളം റേഞ്ച് ഓഫീസര്‍ ജോബ് ജെ. നരിയപറമ്പില് അറിയിച്ചു.
വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിലായിരുന്നു സര്‍വെ. പ്രധാനമായും ജനുവരി പകുതി മുതല്‍ ഏപ്രില്‍ വരെയാണ് വരയാടുകളുടെ പ്രജനന കാലം. ഈ സമയം സാധാരണനിലയില്‍ പാര്‍ക്ക് അടച്ചിടും. ജനുവരി 26ന് പാര്‍ക്ക് അടച്ചു. എന്നാല്‍ ലോക്ഡൗണ്‍ എത്തിയതിനാല്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
കുടുംബമായി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഇവയെ ഇപ്പോള്‍ ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ സമീപ റോഡുകളിലും കാണാനാകും. ആളനക്കവും വാഹനങ്ങളുടെ ഇരമ്പവും ഇല്ലാതെയുള്ള സാഹചര്യം ഇവയെ ഏറെ ഊര്ജ്ജ്വസ്വലമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
മികച്ച ആവാസ വ്യവസ്ഥ ഇവയുടെ ജനനനിരക്ക് കൂട്ടാനും മരണ നിരക്ക് കുറയ്ക്കാനും ഇത് ഏറെ സഹായകമാകുമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് വൈല്‍ഡ് ലൈഫ് എക്സ്പേര്‍ട്ട് ഡോ.പി.എസ്. ഈസ വ്യക്തമാക്കി. ഇപ്പോള്‍ ജനിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ നിരീക്ഷണ വലയത്തിലാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
വൈശാഖ് എന്‍.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: