ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ കൊറോണ രോഗമുക്തരുടെ ബ്ലഡ് പ്ലാസ്മ കച്ചവടം ചെയ്യുന്ന കരിഞ്ചന്തകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ മുക്തരായവരുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ ഉപയോഗിച്ച് വൈറസ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികിത്സ നടത്തുന്നത് ലോകത്ത് എല്ലായിടത്തും അംഗീകരിച്ചിട്ടുള്ളതാണ്.
ഈ പ്ലാസ്മയ്ക്ക് രണ്ടര ലക്ഷം മുതലാണ് പാക്കിസ്ഥാനിലെ കരിഞ്ചന്തകളില്‍ വില. രോഗികളും ഇടനിലക്കാരുമായി പ്ലാസ്മ ഇടപാട് നടത്തുന്നത് നേരിട്ട് അറിയാമെന്ന് ഇസ്ലമാബാദിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. രോഗം ഭേദമായവരും ഇടനിലക്കാരും തമ്മിലുള്ള സന്ദേശങ്ങള്‍ ഗാര്ഡിയന് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
രോഗികളുടെ ബന്ധുക്കള്‍ രോഗമുക്തര്‍ക്ക് പ്ലാസ്മയ്ക്ക് പകരം രണ്ട് മുതല്‍ എട്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യും. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ലാബുകളെ സമീപിച്ച് പ്ലാസ്മ വേര്‍തിരിക്കുകയാണ് പതിവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അഞ്ച് അതേസമയം, പാക്കിസ്ഥാനില്‍ ഓക്സിജന്‍ ടാങ്കുകള്‍, ജീവന് രക്ഷാമരുന്നുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം ദിനംപ്രതി ഉയരുകയാണ്. ആശുപത്രികളില്‍ നിന്ന് ഓക്സിജന്‍ ടാങ്കുകള്‍ മോഷ്ടിച്ച് 25 മടങ്ങ് അധികം തുകയ്ക്കാണ് കരഞ്ചന്തയില്‍ വില്‍ക്കുന്നതെന്നും ഇസ്ലാമാബാദിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ പാക്കിസ്ഥാന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാല് മാസമായി ഡോക്ടര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. രോഗവ്യാപനം ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാനില്‍ 1.88 ലക്ഷം വൈറസ്ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ പേര് രോഗബാധിതരായിട്ടുണ്ടെന്നാണ് ഗുജ്റന്‍വാലയില്‍ റസിയ ഷാഫി ആശുപത്രി നടത്തുന്ന ഡോ. ഫൈസല്‍ സീഷന്‍ റാണ്ജ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: