കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി. ആറ് മാസത്തേക്കാണ് പുറത്താക്കല്‍. ഉന്നത ബന്ധങ്ങളുള്ള സക്കീറിനെ സംരക്ഷിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി തലത്തിലെ കടുത്ത നടപടി ഒഴിവാക്കാനായില്ല.
അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി ബ്രാഞ്ച് സെക്രട്ടറി നല്കിയ പരാതി അന്വേഷിച്ച സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണിയും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.ആര്. മുരളിയും അടങ്ങുന്ന കമ്മീഷന് സക്കീറിനെ ഏരിയ കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചെങ്കിലും സക്കീറിനെ ഒഴിവാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ എം.എ. ബേബി പക്ഷം പി. രാജീവിന്റെ നേതൃത്വത്തില്‍ രംഗത്തെത്തിയതോടെ പുറത്താക്കല്‍ നടപടി വൈകി.
സക്കീറിനെതിരെയുള്ള നടപടി ഒഴിവാക്കണമെന്ന് ബേബി വിഭാഗം ആവശ്യപ്പെട്ടതോടെ വീണ്ടും ജില്ലാ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് സക്കീറിനെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയത്. ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാണ് അന്വേഷണ കമ്മീഷന് ആവശ്യപ്പെട്ടത്. എന്നാല്‍, പ്രാഥമികാംഗത്വത്തില്‍നിന്നു തന്നെ സക്കീര്‍ പുറത്താക്കപ്പെട്ടു. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എളമരം കരീമിനെ സിപിഎം അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. എളമരത്തിന്റെ റിപ്പോര്‍ട്ടിലും സക്കീറിനെതിരെ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് ഇടപെട്ട് അട്ടിമറിച്ചു. സക്കീറിന് ഏരിയ സെക്രട്ടറി സ്ഥാനം തിരികെ ലഭിച്ചു.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പല്‍ സക്കീറിനെതിരെ പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പുമായി വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്ക് ഡയറകക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീര്‍ ഹുസൈന് എല്ലാ കാര്യങ്ങളും അറിയാമെന്ന് രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവിനെതിരെ മൂന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സക്കീറിനെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: