തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിച്ചത് ചോദ്യം ചെയ്തതിന് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതിയും പിഎസ്സി കോണ്‍സ്റ്റബിള്‍ പരീക്ഷാതട്ടിപ്പ് കേസിലെ പ്രതിയുമായ നസീമും യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ നസീമടക്കം അഞ്ച് പ്രതികള്‍ ആഗസ്റ്റ് 22 ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി അന്ത്യശാസനം നല്കി. വിചാരണയ്ക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി 2019 സെപ്തംബര്‍ 6, ഡിസംബര്‍ 5, 2020 മാര്‍ച്ച് 5, മെയ് 28 എന്നീ തീയതികളില്‍ കേസ് പരിഗണിച്ചിട്ടും പ്രതികള്‍ ഹാജരാകാത്തതിനാലാണ് കോടതി അന്ത്യശാസനം നല്‍കിയത്.
ആക്രമണ കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ യുണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് മുന്‍ സെക്രട്ടറി നസീം, യൂണിറ്റ് ഭാരവാഹികളായ ജിത്തു, അമന്, അരുണ്‍കുമാര്‍ , ആശിഖ് എന്നിവരാണ് കോടതിയില്‍ ഹാജരാകേണ്ടത്. കോളേജില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച പണം നസീമും കൂട്ടാളികളും വെട്ടിച്ചത് ജില്ലാ കമ്മറ്റിയില്‍ ഉന്നയിച്ചതിനാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മുന്‍ ജില്ലാ കമ്മറ്റിയംഗവും വഞ്ചിയൂര്‍ ഏര്യാ പ്രസിഡന്റുമായിരുന്ന അമ്പാടി ശ്യാം പ്രകാശിനെയും സുഹൃത്ത് അമലിനെയുമാണ് നസീമും യൂണിറ്റ് ഭാരവാഹികളും സംഘം ചേര്‍ന്ന് മര്‍ദിച്ചത്. അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും തടഞ്ഞുവെച്ച് തടിക്കസേര കൊണ്ട് മുതുകത്തടിക്കുകയും ചെയ്തു. ഭയന്നോടിയ ശ്യാം പ്രകാശ് അന്തര്‍ദേശീയ സെമിനാര്‍ ഹാളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
നസീം കെഎപി ബറ്റാലിയന് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പല മേഖലകളില്‍ നിന്നും കേസ് പിന്‍വലിക്കാന്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. സിപിഎം നേതാക്കളോടും എസ്എഫ്ഐ സംസ്ഥാന നേതാക്കളോടും ഇവര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്. പരീക്ഷാ തട്ടിപ്പിനെ തുടര്‍ന്ന് ചുരുക്കപ്പട്ടിക ലിസ്റ്റില്‍ നിന്ന് നസീമിനെയും കൂട്ടുപ്രതി ശിവരഞ്ജിത്തിനെയും നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: