കണ്ണൂര്‍: 1921ലെ മാപ്പിളലഹളയെ വെള്ളപൂശാനും ലഹളയ്ക്ക് നേതൃത്വം വഹിച്ച് വംശീയകൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനാക്കി അവതരിപ്പിക്കാനുമുള്ള ഗൂഢാലോചന പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നതിന് തെളിവുകള്‍ നിരവധി. 1980കള്‍ മുതല്‍ തന്നെ രൂപപ്പെട്ടിരുന്ന മാര്‍ക്സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടാണ് ഈ ഗുഢാലോചന നടത്തിയത്. മാപ്പിളലഹളയുടെ നൂറാം വര്‍ഷമെത്തുമ്പോള്‍ തങ്ങളുടെ വികൃതമായ ചരിത്രാഖ്യാനം സമൂഹമനസ്സില്‍ ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഈ കൂട്ടുകെട്ട്. അതിന്റെ ഫലമായാണ് മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടെയും മുസ്ലിം തീവ്രവാദികളുടെയും പിന്തുണയോടെ ആഷിക് അബുവിന്റെ ‘വാരിയംകുന്നന്’ എന്ന പുതിയ സിനിമയടക്കം ആസൂത്രണം ചെയ്യപ്പെട്ടതെന്ന് വ്യക്തമാകുന്നു.
മാപ്പിളലഹളയുടെ യഥാര്‍ത്ഥ ചരിത്രം അനുഭവസാക്ഷ്യത്തോടെ കെ. മാധവന്നായരുടെ മലബാര്‍ കലാപം എന്ന ഗ്രന്ഥത്തിലും കെ. കേളപ്പന്, പി.വി.കെ. നെടുങ്ങാടി തുടങ്ങിയവരുടെ എഴുത്തുകളിലൂടെയും വിവരിക്കപ്പെട്ടതാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന പ്രഖ്യാത കാവ്യത്തിലും കഥാരൂപത്തില്‍ മാപ്പിളലഹളയുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടി. ഈ ചരിത്രരേഖകളെ മായ്ചുകളയാനുള്ള നീക്കങ്ങളാണ് ജെഎന്‍യു കേന്ദ്രീകരിച്ചുള്ള മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.
ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ കെ.ടി. ജലീല്‍ വരെയുള്ളവര്‍ പല ഘട്ടങ്ങളിലായി ചരിത്രത്തിന്റെ വികൃതാഖ്യാനത്തിന് തുനിഞ്ഞിറങ്ങിയവരാണ്. മുസ്ലിംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി. ജലീല്‍ എഴുതിയ മലബാര്‍ കലാപം ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും വിനിയോഗിച്ചിരിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശസ്നേഹിയായി ചിത്രീകരിക്കാനാണ്. 2005ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കുഞ്ഞഹമ്മദ് ഹാജിയെയും ധീരോദാത്തനായകന്റെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനുള്ള ശ്രമം അന്നു തന്നെ തുടങ്ങിയിരുന്നു എന്നു വേണം കരുതാന്‍.
കെ. മാധവന് നായരുടെ ഗ്രന്ഥത്തിലും കെ.പി. കേശവമേനോന്റെ കഴിഞ്ഞകാലം എന്ന ആത്മകഥയിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പരാക്രമങ്ങളും ക്രൂരതകളും വിവരിച്ചിട്ടുണ്ട്. മാപ്പിളലഹള കര്‍ഷകസമരമാണെന്ന ഇഎംഎസ്സിന്റെ വ്യാഖ്യാനവും, ഇല്ലായ്മകളില്‍ അസഹിഷ്ണുക്കളായ ഒരു കൂട്ടം മുസ്ലിങ്ങള്‍ നടത്തിയ കലാപം ഇതരസഹോദരങ്ങളോടുള്ള അതിക്രമമായിരുന്നില്ലെന്ന കെ.ടി. ജലീലിന്റെ വ്യാഖ്യാനവും മുന്നോട്ടുവയ്ക്കുന്ന അജണ്ട വളരെ വ്യക്തമാണ്. ചരിത്രഗവേഷകരുടെ നിരവധി പഠനങ്ങള്‍ക്കൊപ്പം മാപ്പിളലഹളയെ നേരിട്ടനുഭവിച്ചവരുടെ അനുഭവസാക്ഷ്യങ്ങളും ഇന്ന് പ്രസിദ്ധീകൃതമായ വസ്തുതകളാണ്. മാപ്പിളലഹളയുടെ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങളില്‍ മിക്കവയും ലഹളയുടെ വിശദാംശങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതൊക്കെ മറികടന്ന് ചരിത്രത്തെ വഴിതിരിച്ചുവിടാനാണ് മാര്‍ക്സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: